ഹൈദരാബാദ്: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെയും ഭാരത് രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖര റാവുവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയ്യിലെ പാവകളായി ചിത്രീകരിച്ച് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ പലയിടങ്ങളിലും ഉയർത്തിയ കട്ടൗട്ടുകളിലാണ് കോൺഗ്രസ് പച്ചനുണ പ്രചരിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയ മര്യാദകൾ കാറ്റിൽ പറത്തുന്ന കോൺഗ്രസിന്റെ പ്രചാരണം. ഒവൈസിയെയും കെസിആറിനെയും ചരടിൽ കോർത്ത് പ്രധാനമന്ത്രി പാവകളിപ്പിക്കുന്നതാണ് കട്ടൗട്ടായി ചിത്രീകരിച്ചത്.
സെക്കന്തരാബാദിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി. ബെഗുംപേട്ടിലും ഹൈ ടെക് നഗരത്തിലും സെക്കന്തരാബാദിലെ ചിലയിടങ്ങളിലുമാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് കോൺഗ്രസിന്റെ കട്ടൗട്ടുകൾ പ്രത്യക്ഷപ്പെട്ടത്.
ബിആർഎസിന്റെ കൊടിയുടെ നിറമായ പിങ്ക് കളറിലുളള കാർ രംഗത്തിറക്കി പ്രചാരണത്തിൽ ശ്രദ്ധ പിടിച്ചുപറ്റാനും കോൺഗ്രസ് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെയും കെസിആറിനെയും ഒവൈസിയെയും ചേർത്തുവെയ്ക്കുന്ന കട്ടൗട്ടുകളുമായി രംഗത്തിറങ്ങിയത്.
ബിജെപിയുടെ ഏറ്റവും വലിയ വിമർശകരാണ് കെസിആറും ഒവൈസിയും. ഹൈദരബാദ് മുൻസിപ്പൽ കോർപ്പറേഷനിലുൾപ്പെടെ ഒവൈസിയുടെ പാർട്ടിയുമായി ബിജെപി കടുത്ത മത്സരമായിരുന്നു നടത്തിയത്. ഈ യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കോൺഗ്രസിന്റെ പ്രചാരണം.
Discussion about this post