അയോദ്ധ്യ : സരയുനദീതീരം മുഴുവൻ പ്രഭ ചൊരിയുന്ന ദീപങ്ങളുമായി രാമജന്മഭൂമി ദീപാവലിക്കായി ഒരുങ്ങി. ദീപാവലിയുടെ തലേദിവസമായ ശനിയാഴ്ച രാത്രി അയോദ്ധ്യയിൽ നടന്ന ദീപോത്സവത്തിൽ 22.23 ലക്ഷം ദീപങ്ങൾ തെളിയിച്ചു. ഇതോടെ മുൻവർഷത്തെ റെക്കോർഡ് തകർത്തു പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അയോദ്ധ്യ.
51 ഘാട്ടുകളിലായി 22.23 ലക്ഷം ദീപങ്ങൾ ഒരേ സമയം കത്തിച്ചാണ് അയോദ്ധ്യ പുതിയ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചത്. 2022-ൽ രാമജന്മഭൂമിയിലെ ഈ ഘാട്ടുകളിൽ 17 ലക്ഷത്തിലധികം മൺചിരാതുകളിലാണ് ദീപങ്ങൾ തെളിഞ്ഞിരുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് കണക്കുകൾ അനുസരിച്ച് അഞ്ച് മിനിറ്റോ അതിൽ കൂടുതലോ പ്രകാശം നിലനിന്നിരുന്ന വിളക്കുകളെ മാത്രം പരിഗണിച്ച് 15,76,955 ദീപങ്ങൾ എന്ന റെക്കോർഡ് ആണ് നൽകിയിരുന്നത്.
2017-ൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് അയോദ്ധ്യയിൽ ദീപോത്സവം ആഘോഷങ്ങൾ ആരംഭിച്ചത്. ആദ്യ വർഷം ഏകദേശം 51,000 ദീപങ്ങൾ ആയിരുന്നു കത്തിച്ചത്. 2019-ൽ അത് 4.10 ലക്ഷമായി ഉയർന്നു. 2020-ൽ 6 ലക്ഷത്തിലധികം മൺവിളക്കുകളും 2021-ൽ 9 ലക്ഷത്തിലേറെയും കത്തിച്ചു. ഓരോ വർഷം തോറും രാമന്റെ ജനത തങ്ങളുടെ ദീപപ്രഭകൾ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഇതാ 2023 ൽ 22.23 ലക്ഷം മൺചിരാതുകളിലാണ് ദീപങ്ങൾ തെളിഞ്ഞിരിക്കുന്നത്.
Discussion about this post