എല്ലാവരും ജോലിക്കായി തിരയുന്ന ഇടമാണ് ലിങ്ക്ഡ് ഇൻ. അതേ ഇടത്തു തന്നെ ജോലി നേടി കൊണ്ട് വൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു 21 വയസ്സുകാരി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി) – ഉനയിലെ വിദ്യാർത്ഥിയായ മുസ്‌കാൻ അഗർവാൾ ആണ് ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുന്നത്. 60 ലക്ഷം രൂപ വാർഷിക ശമ്പളം വാഗ്ദാനം ചെയ്താണ് ലിങ്ക്ഡ് ഇൻ മുസ്‌കാന് ജോലി ഓഫർ ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിയാണ് മുസ്‌കാൻ അഗാർവാൾ. ഐഐഐടി ഉനയിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിടെക് പൂർത്തിയാക്കിയ ഈ പെൺകുട്ടിക്ക് ഈ സ്വപ്ന ജോലി ഓഫർ ലഭിച്ചിരിക്കുന്നത്. ഐഐഐടി ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ഏറ്റവും ഉയർന്ന ശമ്പള പാക്കേജുമായി പുതിയ റെക്കോർഡ് ആണ് ഈ പെൺകുട്ടി നേടിയിരിക്കുന്നത്.
‘ടോപ്പ് വുമൺ കോഡർ’മാർക്കുള്ള ‘ഗീക്ക് ഗോഡസ്’ എന്ന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചതോടെയാണ് മുസ്‌കാന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. 69,000 വനിതാ കോഡർമാർ പങ്കെടുത്ത ഈ മത്സരത്തിൽ മുസ്കാൻ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്മ്യൂണിറ്റിയായ ടെക്‌ഗിഗ് സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന വാർഷിക കോഡിംഗ് മത്സരമാണ് ഗീക്ക് ഗോഡസ്. ഇടവേളകളില്ലാതെ നാലുമണിക്കൂറിലേറെ നേരം കോഡിംഗിൽ ഏർപ്പെട്ടിട്ടാണ് മുസ്‌കാൻ ഈ മത്സരത്തിൽ ഒന്നാമത് എത്തിയത്. ഒന്നരലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനത്തുകയായി അന്ന് മുസ്‌കാന് ലഭിച്ചത്.
എന്നാൽ ഈ ഒന്നാം സ്ഥാനം, മുസ്കാന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. 2022-ൽ, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനികൾ സംഘടിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ടെക് കോൺഫറൻസായ WECode-ൽ പങ്കെടുത്ത മുസ്‌കാൻ ഒരു ഹാർവാർഡ് WECode സ്കോളർ എന്ന അംഗീകാരവും നേടി. ഒടുവിൽ ലിങ്ക്ഡ്ഇന്നിന്റെ മെന്റർഷിപ്പ് പ്രോഗ്രാമിലേക്കുള്ള മികച്ച 40 സ്ത്രീകളിൽ ഒരാളായി അവളെ തിരഞ്ഞെടുത്തു. 60 ലക്ഷം രൂപ വാർഷിക ശമ്പളത്തിലാണ് ലിങ്ക്ഡ് ഇൻ മുസ്‌കാനെ സ്വന്തമാക്കിയിരിക്കുന്നത്.








