മുംബൈ: സംഗീതസംവിധായകൻ എആർ റഹ്‌മാനെതിരെ ‘ബോയ്‌ക്കോട്ട്’ പ്രതിഷേധം ആളുന്നു. പിപ്പ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരിലാണ് വിവാദം കനക്കുന്നത്. ചിത്രത്തിൽ ഉപയോഗിച്ച ബംഗ്ല ദേശീയവാദി കവി നസ്‌റൂൾ ഇസ്ലാമിന്റെ കവിത സംഗീതം നൽകി വികൃതമാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ബംഗ്ലാ കവി നസ്‌റൂൾ ഇസ്ലാമിൻറെ കരാർ ഓയ് ലൗഹോ കോപത്’ (ജയിലിലെ ഇരുമ്പഴികൾ) എന്ന കവിതയാണ് ചിത്രത്തിൽ എആർ റഹ്‌മാൻറെ സംഗീതത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
മൃണാൾ ഠാക്കൂറും ഇഷാൻ ഖട്ടറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബർ 10 നാണ് റിലീസായത്. ആമസോൺ പ്രൈം വഴി ഒടിടി റിലീസ് ആയത്. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ബംഗ്ലാദേശിന്റെ പിറവിയിലേക്ക് നയിച്ച യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമയ്ക്ക് വേണ്ടി പാട്ട് ഉപയോഗിക്കുന്നതിന് എന്റെ അമ്മ സമ്മതം നൽകിയിരുന്നു, പക്ഷേ ട്യൂൺ മാറ്റാനല്ല. താളത്തിലും ഈണത്തിലും മാറ്റം വരുത്തി ഗാനം പുറത്തിറക്കിയ രീതി ഞെട്ടിപ്പിക്കുന്നതാണെന്ന് കവിയുടെ ചെറുമകനും ചിത്രകാരനുമായ ഖാസി അനിർബൻ പറഞ്ഞു. ബ്രിട്ടനെതിരായ സ്വതന്ത്ര്യ പോരാട്ടത്തിൻറെ പശ്ചാത്തലത്തിലാണ് ഈ ഗാനം പിറവിയെടുത്തത്. ഈ ഗാനം സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രചോദനമായി. റഹ്‌മാൻ സാർ ഈ ഗാനത്തെ ഇങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഇത് അനീതിയാണ്. ഈ ഗാനം സിനിമയിൽ നിന്നും ഒഴിവാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഗാനത്തിന്റെ വരികൾ അല്ലെങ്കിൽ പശ്ചാത്തലം മനസിലാകാത്തതിനാലാണ് റഹ്‌മാൻ ഇങ്ങനെ ചെയ്‌തെന്ന് കരുതുന്നുവെന്ന് ഖാസി കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളെ സ്‌നേഹിക്കുന്നവരും എന്ന നിലയിൽ ഞങ്ങൾക്ക് ഈ വികലത അംഗീകരിക്കാൻ കഴിയില്ല. ഇത് ഉടനടി സിനിമയിൽ നിന്ന് ഒഴിവാക്കുകയും വേണമെന്ന് കവിയുടെ ചെറുമകളും ആവശ്യപ്പെട്ടു.
Discussion about this post