യുകെ: ജനങ്ങൾക്ക് ദീപാവലി ആശംസകളേകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലോകമെമ്പാടും യുകെയിലുടനീളവും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ, സിഖ് വിശ്വാസികളായ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് വളരെ സന്തോഷകരമായ ബന്ദി ചോർ ദിവസ് ആശംസകളെന്ന് ഋഷി സുനക് പറഞ്ഞു.
ഹിന്ദുവെന്ന നിലയിലും തികഞ്ഞ ഭക്തനെന്ന നിലയിലും ദീപാവലി തന്റെ മാർഗദീപമാണെന്നും തെളിയുന്ന ദീപങ്ങളുടെ പ്രകാശം ഭാവിയിലേക്കുള്ള വെളിച്ചമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി എന്ന നിലയിലുള്ള യാത്രയിൽ ഈ ദീപം ഏറെ പങ്കുവഹിക്കുന്നു. ഇരുട്ടിന് മേൽ വെളിച്ചത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി. ശോഭനമായ നാളെയ്ക്കുള്ള ശക്തിയാണ് ഈ വെളിച്ചമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ ആദ്യത്തെ ബ്രിട്ടീഷ് -ഏഷ്യൻ പ്രധാനമന്ത്രി എന്ന നിലയിലും ഭക്തനായ ഒരു ഹിന്ദു എന്ന നിലയിലും, യുകെയെ ഇന്നത്തെ സ്ഥലമാക്കി മാറ്റുന്ന അതിശയകരമായ വംശീയ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷമായി ഇത് മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.











