തൃശൂർ: ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തളളാൻ പ്രാർത്ഥന നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സബ് കളക്ടറാണ് അന്വേഷണം നടത്തുക.
ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിയ പ്രാർത്ഥനയാണ് വിവാദമായത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള ശിശു സംരക്ഷണ ഓഫീസ് സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവം ജീവനക്കാരാണ് പുറത്തുവിട്ടത്.
വൈകിട്ട് 4.30 ഓടെ പ്രാർത്ഥനയിൽ പങ്കുകൊളളണമെന്ന് ശിശു സംരക്ഷണ ഓഫീസർ തന്നെ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ജീവനക്കാരിൽ കൂടുതൽ പേരും താൽക്കാലികമായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ നിലനിൽപിനെ കരുതി നിർദ്ദേശം അനുസരിക്കുകയായിരുന്നു.
ഇതേ ഓഫീസിലുളള ചൈൽഡ് ലൈൻ പ്രവർത്തകരിൽ ഒരാളാണ് ളോഹയും ബൈബിളുമായി എത്തി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. ഓഫീസിൽ നെഗറ്റീവ് എനർജി നിറഞ്ഞുനിൽക്കുകയാണെന്ന് ഓഫീസർ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ഓഫീസറുമായുളള അഭിപ്രായ ഭിന്നതയും ജോലിയിലെ മാനസീക സമ്മർദ്ദവും മൂലം അടുത്തിടെ നാല് കരാർ ജീവനക്കാർ ജോലി വിട്ടുപോയിരുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നെഗറ്റീവ് എനർജിയാണെന്ന് പ്രചരിപ്പിച്ചത്.
Discussion about this post