അതിർത്തികളിൽ ഹിമാലയം പോലെ പതറാതെ ധീരരായ സൈനികർ നിൽക്കുന്നിടത്തോളം കാലം ഇന്ത്യ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ രക്ഷാകർത്താക്കളായ സൈനികരാണ് നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
” സ്വന്തം കുടുംബങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന സൈനികർ അവരുടെ സമർപ്പണബോധം കൊണ്ട് രാജ്യത്തെ ഓരോ ജനങ്ങളുടെയും ജീവിതം പ്രകാശപൂർണമാക്കുന്നു. രാജ്യത്തെ തന്നെ ഏറ്റവും ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെ ത്യാഗവും അർപ്പണബോധവും ആണ് രാജ്യത്തെ ജനങ്ങളെ സുരക്ഷിതരായി ഇരുത്തുന്നത്. ധീരതയുടെ പൂർണ്ണരൂപമായ ഈ സൈനികരോട് ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും നന്ദി ഉണ്ടായിരിക്കും” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ രാവിലെയാണ് പ്രധാനമന്ത്രി ലെപ്ച ഗ്രാമത്തിലെത്തിയത്. സായുധ സേനയിൽ വർദ്ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. “കഴിഞ്ഞവർഷങ്ങളിൽ ഇന്ത്യൻ ആർമിയിൽ 500 ൽ അധികം വനിതാ സൈനികരാണ് വന്നെത്തിയിട്ടുള്ളത്. ഇന്ത്യയിൽ റഫേൽ പോലുള്ള യുദ്ധ വിമാനങ്ങൾ പോലും സ്ത്രീകൾ പറത്തുന്നു. ഇത് അഭിമാനകരമായ നേട്ടമാണ്” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്രമോദി ദീപാവലി ദിനത്തിൽ സൈനിക സന്ദർശിക്കുന്നത് പതിവാണ്. പ്രധാനമന്ത്രി ആയതിനുശേഷവും മോദിയുടെ എല്ലാ ദീപാവലി ദിനങ്ങളും സൈനികരോടൊപ്പം ആയിരുന്നു. സൈന്യം എവിടെയാണ് നിലയുറപ്പിക്കുന്നത് അവിടെ എപ്പോഴും ദീപാവലി ആയിരിക്കും എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ” ശ്രീരാമൻ ഉള്ളത് എവിടെയാണോ അവിടെയാണ് അയോദ്ധ്യ എന്ന് പറയപ്പെടാറുണ്ട്. അതുപോലെ ഇന്ത്യൻ സുരക്ഷാസേന എവിടെയാണ് ഉള്ളത് അവിടെയാണ് എന്റെ ഉത്സവം” എന്നും മോദി ദീപാവലി ആഘോഷങ്ങൾക്കിടയിൽ സൈനികരോട് പറഞ്ഞു. കഴിഞ്ഞവർഷം കാർഗിലിലെ സൈനികരോടൊപ്പം ആയിരുന്നു പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നത്.
Discussion about this post