കോഴിക്കോട് :കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മ സൈനബയുടെ മൃതദേഹം ഗൂഡല്ലൂരിൽനിന്നും പോലീസ് കണ്ടെത്തി. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായി കാറിൽ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി സമദ് പോലീസിനോട് വെളിപ്പെടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ സമദിനെയും കൊണ്ട് പോലീസ് ഗൂഡലൂരിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിച്ചു.മൃതദേഹം അഴുകിയതിനാൽ സൈനബയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
മലപ്പുറം താനൂർ മുഹമ്മദിന്റെ മകനാണ് 52 കാരനായ സമദ്. സൈനബയെ കൊലപ്പെടുത്തിയതായി സമദ് കോഴിക്കോട് കസബ സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
ഇവരോടൊപ്പം കാറിൽ സുലൈമാൻ എന്ന സുഹൃത്തും ഉണ്ടായിരുന്നു. സൈനബയുടെ 17 പവൻ സ്വർണം തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.യാത്രയ്ക്കിടയിൽ ഇരുവരും സൈനബയെ കാറിൽവെച്ച് ഷാൾ കഴുത്തിൽ മുറുക്കി കൊന്നശേഷം ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും കൈക്കലാക്കി.നാടുകാണി ചുരത്തിലെത്തി മൃതദേഹം അവിടെ ഉപേക്ഷിച്ചു എന്നാണ് പ്രതി നൽകിയ മൊഴി.
ഈ മാസം ഏഴാം തീയതി കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് സൈനബയെ കാണാതായത്.ഭർത്താവ് ജെയിംസ് നൽകിയ പരാതിയെ തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയായിരുന്നു.
Discussion about this post