ചെന്നൈ : പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം പക്ഷികളെയും മൃഗങ്ങളെയും ഭയപ്പെടുത്തുന്നതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷികൾ ധാരാളമുള്ള ഒരു പ്രദേശത്ത് എങ്ങനെ ദീപാവലി ആഘോഷിക്കാം എന്ന് മാതൃക കാണിക്കുകയാണ് തമിഴ്നാട്ടിൽ ഈറോഡിലെ 7 ഗ്രാമങ്ങൾ. പടക്കങ്ങൾ ഉപേക്ഷിച്ച് നിശബ്ദമായാണ് അവർ ദീപാവലി ആഘോഷങ്ങൾ നടത്തിയത്.
ഈറോഡിലെ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന വടമുഖം വെള്ളോടിന് 10 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഏഴു ഗ്രാമങ്ങളാണ് ദീപാവലിക്ക് പടക്കങ്ങൾ പൂർണമായും ഉപേക്ഷിച്ചത്. പകരമായി വിളക്കുകൾ തെളിയിച്ചും മധുരം ഉണ്ടാക്കിയുമെല്ലാം അവർ ദീപാവലി ആഘോഷിച്ചു. ഒക്ടോബറിനും ജനുവരിക്കും ഇടയിലായി ദേശാടന പക്ഷികളടക്കം നിരവധി പക്ഷികളാണ് ഈ പക്ഷി സങ്കേതത്തിൽ വിരുന്നെത്തുകയും മുട്ടകൾ ഇട്ട് കുഞ്ഞുങ്ങൾ വിരിയാനായി കാത്തിരിക്കുകയും ചെയ്യാറുള്ളത്.
ഈ പക്ഷികൾക്ക് തങ്ങളാൽ യാതൊരു ശല്യവും ഉണ്ടാകരുതെന്ന് കരുതിയാണ് ഈ 7 ഗ്രാമവാസികൾ ദീപാവലിക്ക് പടക്കങ്ങൾ ഉപേക്ഷിച്ചിട്ടുള്ളത്. 20ലേറെ വർഷമായി ഈ ഏഴ് ഗ്രാമങ്ങളിൽ ഉള്ള 900-ലധികം കുടുംബങ്ങൾ ഇത്തരത്തിൽ നിശബ്ദമായാണ് ദീപാവലി ആഘോഷങ്ങൾ നടത്തുന്നത്.
Discussion about this post