മലപ്പുറം: മലപ്പുറത്ത് വന്ദേ ഭാരതിന് മുന്നിലൂടെ വയോധികൻ റെയിൽവേ പാളം മുറിച്ചു കടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ആര്‍പിഎഫ്. സംഭവവുമായി ബന്ധപ്പെട്ട് വയോധികനെ കണ്ടെത്താൻ ആര്‍പിഎഫ് ലോക്കൽ പോലീസിന്‍റെ സഹായം തേടി. ആര്‍പിഎഫ് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
വയോധികനെ കണ്ടെത്തി മൊഴിയെടുക്കുമെന്നും കേസിൽ തുടര്‍ നടപടികളെടുക്കുമെന്നും ആര്‍പിഎഫ് അറിയിച്ചു. വീഡിയോയിലുള്ളത് ഒറ്റപ്പാലം സ്വദേശിയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം തെരച്ചിൽ നടത്തുന്നത്.
തിരൂർ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. വന്ദേ ഭാരത് കടന്നുപോകുന്നതിനിടെ ട്രാക്ക് മുറിച്ചുകടന്ന വയോധികൻ സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇയാള്‍ ട്രാക്ക് മുറിച്ച് കടക്കുന്നതും യാത്രക്കാര്‍ ഇയാളോട് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
Discussion about this post