ലണ്ടന്‍ : ഹമാസിനെ പിന്തുണച്ചതിന് ഈജിപ്ഷ്യന്‍ ടെലിവിഷന്‍ അവതാരകന്റെ വിസ ബ്രിട്ടന്‍ റദ്ദാക്കി. ലണ്ടനിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനും ഹമാസിനെ പിന്തുണച്ചതിനുമാണ് മൊതാസ് മതര്‍ എന്ന അവതാരകന്റെ വിസ റദ്ദാക്കിയത്. മൊതാസിനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ യുകെയിലേക്ക് ഇനി മടങ്ങാന്‍ കഴിയില്ല.
ഇതോടെ ഹമാസിനെ പിന്തുണച്ച് യുകെയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ വിദേശിയായി മൊതാസ് മതര്‍ മാറി. ഹമാസിനെ യുകെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
4.2 ദശലക്ഷം യൂട്യൂബ് സബ്സ്‌ക്രൈബര്‍മാരുള്ള മുന്‍ ടിവി അവതാരകന്‍ തീവ്ര ഇസ്ലാമിസ്റ്റായ അബ്ദുല്‍ഹക്കിം ഹാനിനിയെ അടുത്തിടെ അഭിമുഖം ചെയ്തിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നവര്‍ സുരക്ഷിതരല്ലെന്ന തോന്നല്‍ ഉണ്ടാക്കണമെന്നും അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ഭീകരാക്രമണത്തെ പിന്തുണച്ച് എല്ലാ മുസ്ലീങ്ങളും തെരുവിലിറങ്ങാന്‍ ബാധ്യസ്ഥരാണെന്നും ഹാനിനി അഭിമുഖത്തില്‍ പറഞ്ഞു. ഇതിനെ പിന്തുണച്ചതിനാലാണ് മൊതാസ് മതറിന്റെ വിസ റദ്ദാക്കാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചത്.
2013 ല്‍ ഈജിപ്തില്‍ നിന്ന് പാലായനം ചെയ്ത മൊതാസ് മതര്‍ യുകെയില്‍ സ്ഥിരം സന്ദര്‍ശകനാണ്. നിലവില്‍ രാജ്യത്തിന് പുറത്തുള്ള ഇയാള്‍ക്ക് ഇനി ഒരിക്കലും യുകെയിലേക്ക് പ്രവേശിക്കാനാവില്ല.
ഇത്തരത്തില്‍ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നവരോടെല്ലാം ഈ സമീപനം തന്നെയാണ് രാജ്യം തുടരുകയെന്നും യുകെ തെരുവുകളില്‍ തീവ്രവാദം വച്ചു പൊറുപ്പിക്കില്ലെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
Discussion about this post