ടെൽ അവീവ് : ഹമാസ് ഭീകര താവളത്തിലെ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് ഹിറ്റ്ലറുടെ ആത്മകഥയായ ‘മെയിൻ കാംഫ്’ കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. അറബിയിലേക്ക് വിവർത്തനം ചെയ്ത ‘മെയിൻ കാംഫ്’ന്റെ ഒരു പതിപ്പാണ് കുട്ടികൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രത്തെയാണ് ഹമാസ് സ്വീകരിച്ചിരിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. യഹൂദ ജനതയുടെ ഉന്മൂലനം ആണ് ഹമാസും ലക്ഷ്യം വയ്ക്കുന്നതെന്നും ഐഡിഎഫ് ആരോപിച്ചു. കണ്ടെത്തിയ പകർപ്പിൽ തീവ്രവാദികളിലൊരാൾ ഉപയോഗിച്ചതായി സൂചിപ്പിക്കുന്ന വ്യാഖ്യാനങ്ങളും ഹൈലൈറ്റുകളും ഉണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഒക്ടോബർ 7ലെ ഹമാസിന്റെ ഭീകരാക്രമണത്തിനും ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമ്മനിയിൽ 60 ലക്ഷം ജൂതന്മാരെ വംശഹത്യ നടത്തിയ ഹോളോകോസ്റ്റിനും സമാനതകൾ ഉള്ളതായി നേരത്തെ തന്നെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഒക്ടോബർ 7 ഭീകരാക്രമണത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹോളോകോസ്റ്റിനോട് കൊണ്ട് നേരത്തെ തന്നെ ഒരു പ്രസ്താവന നടത്തിയിരുന്നു.
ഹിറ്റ്ലറുടെ ഭരണത്തിൻ കീഴിലുണ്ടായ ഇരുണ്ട കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും മോശമായ യഹൂദ വിരുദ്ധ അക്രമമാണെന്നാണ് നെതന്യാഹു ഹമാസ് ഇസ്രായേലിൽ നടത്തിയ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. ഹമാസിന്റെ പ്രവർത്തനങ്ങൾ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്താവുന്ന ക്രൂരതയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേരത്തെ വിലയിരുത്തിയിരുന്നു.
Discussion about this post