എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന് തൂക്ക് കയർ വിധിച്ച് കോടതി. കൊലക്കുറ്റത്തിനാണ് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പു പ്രകാരമുള്ള കുറ്റങ്ങൾക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. ആകെ അഞ്ച് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
വിധിയെ ആഘോഷപൂർവ്വമാണ് പൊതുജനങ്ങൾ സ്വീകരിച്ചത്. കോടതിക്ക് പുറത്തുള്ള ജനങ്ങൾ കയ്യടിച്ചുകൊണ്ടാണ് വിധി സ്വാഗതം ചെയ്തത്. പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ നരാധമന് വധശിക്ഷ നൽകിയതിൽ നന്ദിയുണ്ടെന്ന് കേസിലെ പ്രധാന സാക്ഷിയായ ആലുവയിലെ ചുമട്ടുതൊഴിലാളികൾ പറഞ്ഞു. മധുരം പങ്കു വച്ചുകൊണ്ടാണ് ഇവർ വിധിയെ വരവേറ്റത്. ആലുവ മാർക്കറ്റിലുൾപ്പെടെ പടക്കം പാട്ടിച്ചുകൊണ്ടും ഇവർ വിധിയെ വരവേറ്റു.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും അസാധാരണ കുറ്റകൃത്യമാണെന്നും എഡിജിപി എം ആർ അജിത്ത് കുമാർ പ്രതികരിച്ചു. കേരള പോലീസിന്റെ കൃത്യമായ ഇടപെടലും ആലുവയിലെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണവും കേസിൽ സഹായകമായെന്ന് എഡിജിപി പറഞ്ഞു. സമാനമായ കേസുകൾക്ക് മാതൃകയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് വളരെ വേഗം തന്നെ നടപടി എടുക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
ജൂലൈ 28 നാണ് കേരളത്തെയാകെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.
Discussion about this post