മുംബൈ :2 മണിക്കൂറിനുള്ളിൽ വായ്പ നൽകാമെന്ന ഫേസ്ബുക്ക് പോസ്റ്റ് വിശ്വസിച്ച 56 കാരനായ മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 90,000 രൂപ.മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ലോൺ എടുക്കാനായി ഇരിക്കുമ്പോഴാണ് ഫേസ്ബുക്കിൽ ഒരു പരസ്യം കണ്ടത്. അപേക്ഷിച്ചു 2 മണിക്കൂറിനുള്ളിൽ ലോൺ ലഭിക്കും എന്നതായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്.
ഉടൻ തന്നെ അദ്ദേഹം ഓൺലൈനായി ലോണിന് അപേക്ഷിച്ചു. മിനിറ്റുകൾക്കകം, കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി ഒരു ഫോൺ കോൾ അദ്ദേഹത്തിന് വന്നു. വിളിച്ചയാൾ അദ്ദേഹത്തോട് ലോൺ ഉടനെ നൽകാമെന്നും അതിനുമുൻപ് ഇൻഷുറൻസ് ചാർജ് , ജിഎസ്ടി, എൻഒസി , ആർബിഐ ചാർജുകൾ, രണ്ട് അഡ്വാൻസ് ഇൻസ്‌റ്റാൾമെന്റുകൾ എന്നിവ ഉൾപ്പെടെ 90,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
കമ്പനിയുടെ പ്രതിനിധി പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ച അദ്ദേഹം പറഞ്ഞ തുക മുഴുവൻ അടച്ചു. പക്ഷേ വായ്പ തുക ലഭിച്ചില്ല. വിളിച്ച ആളെ ബന്ധപ്പെട്ടപ്പോൾ വീണ്ടും തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ഉടനെതന്നെ പോലീസിൽ പരാതി നൽകി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന), ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് എന്നിവ പ്രകാരം ശനിയാഴ്ച കലംബോലി പോലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ കേസെടുത്തു.
Discussion about this post