തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ടായിരുന്നത്. അബിൻ വർക്കിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
അബിൻ വർക്കിയേക്കാൾ അര ലക്ഷത്തിലേറെ വോട്ട് കൂടുതൽ നേടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പ്രസിഡന്റ് ആകുന്നത്. നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും. ഹരിത ബാബുവാണ് മൂന്നാംസ്ഥാനത്ത് എത്തിയിട്ടുള്ളത്.
ഉമ്മൻചാണ്ടിയുടെ മരണത്തെയും പുതുപ്പള്ളി തിരഞ്ഞെടുപ്പിനെയും തുടർന്ന് മാറ്റിവെച്ചിരിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. എ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എതിർപ്പുകളും അഭിപ്രായവ്യത്യാസങ്ങളും പലയിടത്തു നിന്നും ഉണ്ടായിരുന്നു. ഐ ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയാണ് അബിൻ വർക്കി.
കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം മറ നീക്കി പുറത്തുവന്ന ഒന്നായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ്. ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ അബിൻ വർക്കിക്ക് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണുഗോപാൽ പക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കുക പോലും ചെയ്തിരുന്നു. 7,29,626 വോട്ടുകളായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. 2,16,462 വോട്ടുകള്‍ ആസാധുവായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ 2,21,986 വോട്ടുകൾ നേടിയപ്പോൾ അബിൻ വർക്കിക്ക് ലഭിച്ചത് 1,68,588 വോട്ടുകളാണ്.
Discussion about this post