ലണ്ടന്‍ : ദി ബീറ്റില്‍സ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘാംഗത്തിന് 8 വര്‍ഷം തടവ് വിധിച്ച് യുകെ. ലണ്ടനില്‍ നിന്നുള്ള എയ്ന്‍ ലെസ്ലി ഡേവിസിനെയാണ് തോക്ക് കൈവശം വച്ചതിന് ഓള്‍ഡ് ബെയ്ലിയില്‍ ആറ് വര്‍ഷവും തീവ്രവാദത്തിന് ധനസഹായം നല്‍കിയതിന് രണ്ട് വര്‍ഷവും തടവിന് വിധിച്ചത്.
തീവ്രവാദ ബന്ധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2015ല്‍ തുര്‍ക്കിയില്‍ വച്ചാണ് ഇയാള്‍ പിടിയിലാവുന്നത്. 2017 ല്‍ തീവ്രവാദ ബന്ധം ഉറപ്പിച്ചതോടെ ഇയാളെ ഏഴര വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ശേഷം ഡേവിസിനെ ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് നാടുകടത്തുകയായിരുന്നു. പിന്നീട് ലൂട്ടണ്‍ വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് ഇയാള്‍ വീണ്ടും യുകെ അറസ്റ്റ് ചെയ്തത്.
ആദ്യം തീവ്രവാദ കുറ്റങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചതോടെയാണ് ഡേവിസിനെ 8 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2012 നും 2015 നും ഇടയില്‍ സിറിയയില്‍ പാശ്ചാത്യ ബന്ദികളെ പീഡിപ്പിക്കുകയും ശിരഛേദം ചെയ്യുകയും ചെയ്ത ബീറ്റില്‍സ് സെല്ലുമായി തനിക്ക് പങ്കില്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഇയാള്‍ ആയുധങ്ങളേന്തി നില്‍ക്കുന്നതിന്റെയടക്കം ചിത്രങ്ങള്‍ തെളിവുകളായി കോടതിയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ജഡ്ജ് വ്യക്തമാക്കി.
ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ദി ബീറ്റില്‍സിനെ അനുകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിലെ ബ്രിട്ടനില്‍ ന്നുള്ള നാല് തീവ്രവാദികള്‍ തുടങ്ങിയ സംഘമാണ് ദി ബീറ്റില്‍സ്. റോക്ക് ബാന്‍ഡിനെ മാതൃകയാക്കി ഗ്രൂപ്പിലെ അംഗങ്ങളെ ‘ജോണ്‍’, ‘പോള്‍’, ‘ജോര്‍ജ്’, ‘റിംഗോ’ എന്നാണ് ബന്ദികള്‍ ഇവരെ വിഷേഷിപ്പിച്ചിരുന്നത്. ഇതില്‍ ഇപ്പോള്‍ അറസ്റ്റിലായ ഡേവിസാണ് പോള്‍ ആയി അറിയപ്പെട്ടിരുന്നത്. 2014ല്‍ ഇറാഖിലും സിറിയയിലും അമേരിക്കന്‍ പത്രപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ലോഫ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകരായ ഡേവിഡ് ഹെയ്ന്‍സ്, അലന്‍ ഹെന്നിംഗ് എന്നിവരെ ശിരഛേദം ചെയ്തത് ഈ ഭീകരസംഘമാണ്.
സിറിയയില്‍ ഇരുപതിലതികം വിദേശികളെ ഇവര്‍ തടവുകാരാക്കി പീഡിപ്പിച്ചിരുന്നു. അവര്‍ ബന്ദികളെ ഇലക്ട്രോ ഷോക്ക് ആയുധങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിക്കുകയും മോക്ക് എക്‌സിക്യൂഷനും വാട്ടര്‍ബോര്‍ഡിംഗും നടത്തുകയും ചെയ്തു. ക്രൂരമായ പീഡനങ്ങളുടെ വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. 2015 നവംബറില്‍ തുര്‍ക്കിയില്‍, ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഡേവിസ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. മറ്റ് രണ്ട് പേര്‍ 2018-ന്റെ തുടക്കത്തില്‍ അമേരിക്കയുടെ പിടിയിലാവുകയും 2022-ല്‍ അമേരിക്കയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
2012 നും 2015 നും ഇടയില്‍, ഈ തീവ്രവാദി സംഘം നിരവധി വിദേശികളെ തട്ടിക്കൊണ്ടു പോകുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മോചന ദ്രവ്യം ലഭിച്ച ശേഷം യുറോപ്പിയന്‍സിനെ വിട്ടയച്ചെങ്കിലും അമേരിക്കക്കാരെ കഴുത്തറത്ത് ക്രൂരമായി കൊല്ലുകയും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുകയുമായിരുന്നു.
Discussion about this post