ഗുജറാത്ത് : സൂറത്തിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ നാല് ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ഇന്നലെ വൈകീട്ട് ഡൈയിംഗ് ഫാക്ടറിയിലാണ് സംഭവം. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ രണ്ട് തൊഴിലാളികൾ ബോധരഹിതരായി നിലത്തു വീഴുകയായിരുന്നു.തുടർന്ന് ഇവരെ രക്ഷിക്കാനാണ് മറ്റ് രണ്ടു പേർ ഇറങ്ങിയത്. ടാങ്കിലേക്ക് ഇറങ്ങിയതോടെ ഇവരും ബോധരഹിതരായെന്ന് പൻസല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
രാവിലെ 6.30 ഓടെ സ്ഥലത്തെത്തിയ പോലീസ് കണ്ടത് അബോധാവസ്ഥയിൽ ടാങ്കിനുളളിൽ കിടക്കുന്ന തൊഴിലാളികളെയാണ്. ഉടനെതന്നെ നാലുപേരെയും ടാങ്കിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു. മരിച്ച നാല് പേരും ബീഹാർ സ്വദേശികളാണ്.ഇവർ ഫാക്ടറിയുടെ കോളനിയിൽ താമസിക്കുന്നവരായിരുന്നു..
തൊഴിലാളികൾ മരിച്ച സംഭവത്തിൽ ഫാക്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയാണെന്ന് ബർദോളി ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ ച്ച് എൽ റാത്തോഡ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡിഎസ്പി അറിയിച്ചു.
Discussion about this post