മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി ഉയർത്തിയതിന് 17 കാരനെ കസ്റ്റഡിയിലെടുത്തു. വാങ്കഡെയിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ക്രിക്കറ്റ് മത്സരത്തിനാണ് ഭീഷണി ഉയർത്തിയിരുന്നത്. തോക്കുകളും ഗ്രനേടുകളും ബുള്ളറ്റുകളും പ്രദർശിപ്പിക്കുന്ന ഒരു ചിത്രത്തോടു കൂടി എക്സ് അക്കൗണ്ടിലൂടെയാണ് അജ്ഞാതനായ ഒരാൾ ഭീഷണി സന്ദേശം അയച്ചത്.
മുംബൈ പോലീസിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ ആക്രമണം നടത്തുമെന്ന് സന്ദേശം പങ്കുവെച്ചിരുന്നത്. മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17കാരനെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഭീഷണി സന്ദേശത്തെ തുടർന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
സമൂഹമാദ്ധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലാത്തൂർ ജില്ലയിൽ നിന്നുള്ള 17 വയസ്സുള്ള യുവാവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എന്തിനാണ് ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന കാണികളെ കർശനസുരക്ഷാപരിശോധന നടത്തിയാണ് സ്റ്റേഡിയത്തിനകത്തേക്ക് കടത്തിവിടുന്നത്.
Discussion about this post