ന്യൂഡൽഹി : ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ രണ്ട് ലോക റെക്കോർഡുകൾ വിരാട് കോഹ്ലി സ്വന്തമാക്കിയിരിക്കുകയാണ്. . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിനെ മറികടന്ന് കോഹ്ലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടി. ഇതോടൊപ്പം ഏകദിന ലോകകപ്പ് പരമ്പരയിൽ 674 റൺസ് നേടിക്കൊണ്ട് സച്ചിന്റെ അടുത്ത റെക്കോർഡും കോഹ്ലി തകർത്തു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇത് ഇരട്ടി മധുരമായി. ഇതിന് പിന്നാലെ കോഹ്ലിക്ക് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്
. പ്രധാനമന്ത്രി നരേന്ദ്ര മോദി കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചു.
‘ഇന്ന്, വിരാട് കോഹ്ലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടുക മാത്രമല്ല ചെയ്തത്, മികവിന്റെയും സ്ഥിരോത്സാഹത്തിന്റെയും മികച്ച സ്പോർട്സ്മാൻഷിപ്പിന്റെയും മാതൃക കൂടിയായിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും അസാധാരണമായ കഴിവിന്റെയും തെളിവാണ്. ഞാൻ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഭാവി തലമുറകൾക്കായി അദ്ദേഹം നേട്ടങ്ങൾ കൊയ്യുന്നത് തുടരട്ടെ” പ്രധാനമന്ത്രി പറഞ്ഞു.
‘അമ്പതാം ഏകദിന സെഞ്ച്വറി! ഏകദിന ക്രിക്കറ്റിൽ തന്റെ 50-ാം സെഞ്ച്വറി എന്ന ചരിത്ര നേട്ടം കൈവരിച്ചതിന് വിരാട് കോഹ്ലിക്ക് അഭിനന്ദനങ്ങൾ. ഇത് നിങ്ങളുടെ മികച്ച സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും അർപ്പണബോധത്തിന്റെയും സ്ഥിരതയുടെയും സാക്ഷിപത്രമാണ്. ഇതിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്താൻ നിങ്ങൾക്ക് കഴിയട്ടെ. നിങ്ങളെക്കുറിച്ചോർത്ത് രാജ്യം അഭിമാനിക്കുന്നു,” അമിത് ഷാ പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് രംഗത്തെത്തി.
തന്റെ റെക്കോർഡ് മറികടന്ന കിംഗ് കോഹ്ലിയെ ഹൃദമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സച്ചിൻ അഭിനന്ദിച്ചത്. ”അന്ന് ആദ്യമായി നിന്നെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ വെച്ച് കണ്ടപ്പോൾ നീ എന്റെ കാലിൽ തൊട്ട് വണങ്ങിയതിന് മറ്റു കളിക്കാർ നിന്നെ കളിയാക്കി ചിരിച്ചു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാൽ താമസിയാതെ തന്നെ നിന്റെ അഭിനിവേശവും കഴിവും കൊണ്ട് നീ എന്റെ ഹൃദയത്തിൽ തൊട്ടു. അന്നത്തെ ആ കുട്ടി ഒരു ‘വിരാട്’ കളിക്കാരനായി വളർന്നതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. ഒരു ഇന്ത്യൻ കളിക്കാരൻ തന്നെ എന്റെ റെക്കോർഡ് തകർത്തത് എനിക്ക് വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ചും അതൊരു ലോകകപ്പ് സെമിഫൈനൽ പോലെ ഒരു മത്സരത്തിൽ ആണെന്നുള്ളത് കൂടുതൽ സന്തുഷ്ടകരമാണ്. അതോടൊപ്പം തന്നെ എന്റെ പ്രിയപ്പെട്ട ഹോം ഗ്രൗണ്ട് ആയ വാംഖെഡെ സ്റ്റേഡിയത്തിൽ വച്ച് തന്നെ ഈ ചരിത്രം കുറിക്കപ്പെട്ടതിൽ എനിക്ക് ഇരട്ടി സന്തോഷമാണുള്ളത്” എന്നാണ് സച്ചിൻ പോസ്റ്റ് ചെയ്തത്.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും വിരാട് കോഹ്ലിയെ പ്രശംസിച്ചു. ഏകദിന ലോകകപ്പിന്റെ നിർണായക സെമിയിൽ 50-ാം ഏകദിന സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചതിന് വിരാട് കോഹ്ലിയെ അഭിനന്ദിക്കുക. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും രാഷ്ട്രത്തിന് മഹത്വം നൽകുകയും ചെയ്യട്ടെ. എല്ലാ ആശംസകളും നേരുന്നു”നവീൻ പട്‌നായിക് പറഞ്ഞു.
”കിംഗ് കോഹ്ലി ചരിത്രമെഴുതുന്നു. നിങ്ങളുടെ ആരാധനാപുരുഷനായ സച്ചിൻ ടെണ്ടുൽക്കറിനും രാജ്യത്തിനുമാകെ അഭിമാന നിമിഷമാണിത്” വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
Discussion about this post