ജയ്പൂർ: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 50 വിമത നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്. എല്ലാ വിമതരെയും കോൺഗ്രസിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കാൻ കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള സുഖ്‌ജീന്ദർ സിംഗ് രൺധാവ ഉത്തരവിട്ടു. പുറത്താക്കപ്പെട്ട വിമതരിൽ രണ്ട് സിറ്റിംഗ് എംഎൽഎമാരും ഏഴ് മുൻ എംഎൽഎമാരും ഉൾപ്പെടുന്നു.
അതേസമയം, കോൺഗ്രസ്, ബിജെപി, രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, മറ്റ് പാർട്ടികൾ, സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നിവർ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായി ഭാരതീയ ജനതാ പാർട്ടിയുടെ ‘സങ്കൽപ് പത്രം’ ഇന്ന് പുറത്തിറക്കും. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും മുതിർന്ന നേതാക്കളും ചേർന്നാണ് ‘സങ്കൽപ പത്രം’ പ്രകാശനം ചെയ്യുക. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ടോങ്ക് ജില്ലയിലെ ദിയോലിയിലും രാജ്സമന്ദിലെ ചാർഭുജയിലും ദേവ്ഗഡിലെ ഭീമിലും ഇന്ന് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. ദേശീയ അധ്യക്ഷൻ ജെപി നദ്ദ ദൗസ ജില്ലയിലെ മഹുവയിലും സിക്രയിലും ഇന്ന് പൊതുയോഗം നടത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരും വിവിധ സ്ഥലങ്ങളിൽ യോഗങ്ങൾ അഭിസംബോധന ചെയ്യും.
അതേസമയം, മറുവശത്ത്, മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഹനുമാൻഗഡ്, ശ്രീഗംഗാനഗർ, ചുരു ജില്ലകളിൽ പൊതുയോഗങ്ങൾ നടത്തും. മുഖ്യമന്ത്രി അശോക് ഗെലോട്ടും വിവിധ സ്ഥലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കായി പ്രചരണം നടത്തും. പാർട്ടിയുടെ മുതിർന്ന നേതാവ് സച്ചിൻ പൈലറ്റ് ഇന്ന് ടോങ്കിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിക്കും. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബേനിവാൾ ഇന്ന് ജോധ്പൂർ ജില്ലയിലെ വിവിധ സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ അനുകൂലിച്ച് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.
Discussion about this post