ഗാംഗ്ടോക്ക്: സിക്കിമിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ സൈന്യം. ചുംഗ്താംഗ് ബെയ്ലി പാലത്തിന്റെ പണി പൂര്‍ത്തിയാക്കി. ചുംഗ്താംഗിലെ പ്രളയബാധിത മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം. സിക്കിം ഗതാഗത മന്ത്രി സംദൂപ് ലപ്ച്ച പാലം ജനങ്ങള്‍ക്കായി തുറന്ന് നല്‍കി.
ടീസ്ത നദിയ്ക്ക് കുറുകെ ആയിട്ടാണ് പാലത്തിന്റെ നിര്‍മ്മാണം. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനുമായി കൈകോര്‍ത്ത് ത്രിശക്തി ട്രൂപ്പിലെ സേനാംഗങ്ങളാണ് പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ പണി പൂര്‍ത്തിയായതോടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്കുള്ള സുഗമമായ സഞ്ചാരമാണ് സാദ്ധ്യമാകുന്നത്. ദുരിതാശ്വാസ സാമഗ്രികളുടെ എളുപ്പത്തിലുള്ള വിതരണത്തിനും ഇത് സഹായകമാകും.
പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം മൂന്നിന് രാത്രിയാണ് വടക്കന്‍ സിക്കിമും മറ്റ് പ്രദേശങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ വലിയ തടസ്സമാണ് സൃഷ്ടിച്ചത്. ഇതിനിടെയാണ് സൈന്യം പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നത് അഭിമാനകരമായ നേട്ടമാണ്.
200 അടിയാണ് പാലത്തിന്റെ നീളം. രാവും പകലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടായിരുന്നു പാലം പൂര്‍ത്തിയാക്കിയത്. ഇതോടെ അവശ്യസമയത്ത് രാജ്യത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആദ്യ പാലത്തിന്റെ നിര്‍മാണം ഒക്ടോബര്‍ 22-ന് സൈന്യം പൂര്‍ത്തീകരിച്ചിരുന്നു.
അതേസമയം പാലത്തിന്റെ ഭാഗായി ചുംഗ്താഗിംലും സംഗ്ലാങ്-മംഗാന്‍ ക്രോസിംഗിലും നടപ്പാലങ്ങളും സിപ് ലൈനുകളും നിര്‍മ്മിച്ചിട്ടുണ്ട്. കാല്‍നട യാത്രികര്‍ക്ക് വേണ്ടിയാണ് ഇത്. ഇതുവഴി പ്രളയബാധിത മേഖലകളിലേക്ക് അവശ്യസാധനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
Discussion about this post