ഒരു കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നിങ്ങളെങ്കിൽ തീർച്ചയായും ഒരുപാട് സംശയങ്ങൾ മനസിൽ ഉണ്ടാവുക സ്വാഭാവികമാണ്. ഗർഭകാലം ആഘോഷമായി കൊണ്ട് നടക്കാറുള്ളവരാണെങ്കിൽ പോലും വളരെയേറെ ആശങ്കകൾ നിറഞ്ഞതാണ് ഈ കാലഘട്ടം. ആദ്യ കാലത്ത് മുതിർന്നവരുടെ പല തരത്തിലുള്ള ഉപദേശങ്ങൾ മാർഗ നിർദേശങ്ങളും ഇക്കാര്യത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ, ഇന്ന് ഗര്‍ഭിണി ആകുമ്പോള്‍ ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് ഏറെയും.
സാധാരണ ചെയ്യുന്ന ജോലികളൊക്കെ ചെയ്യാമോ, നടക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഗൂഗിളിനോട് ചോദിക്കാറുണ്ട്. ഗര്‍ഭകാലത്തെ ആദ്യ മൂന്നു മാസം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കഴിയുന്നതും ആദ്യ മൂന്ന് മാസത്തിൽ അധികം മരുന്നുകൾ ഉപയോഗിക്കരുതെന്നാണ് പറയാറ്. കാരണം, ആദ്യത്തെ 14 ആഴ്ച കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. ഈ സമയത്ത് ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന ഒരു വൈറ്റമിന്‍ ഗുളികയുടെ ആവശ്യം മാത്രമേ ഉള്ളൂ. മറ്റെന്തെങ്കിലും മരുന്ന് കഴിക്കണമെന്നുള്ള സാഹചര്യം വന്നാല്‍ നിങ്ങളുടെ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം കഴിക്കുക. മാത്രമല്ല കുഞ്ഞുങ്ങൾക്ക് വേണ്ടി ശ്രമിക്കുന്ന സ്ത്രീകളാണെങ്കിലും നിങ്ങളുടെ ആർത്തവം കഴിഞ്ഞ്14 ദിവസം കഴിഞ്ഞിട്ടുള്ള സമയം ഗര്‍ഭധാരണത്തിന് സാധ്യതയുള്ള സമയമാണ്. ഈ സമയത്തും മരുന്നുകള്‍ ഒഴിവാക്കേണ്ടതാണ്. ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കേണ്ടതാണ്.
ഗർഭ കാലത്ത് പരമാവധി ഫാസ്റ്റ് ഫുഡുകൾ ഒഴിവാക്കുക. പുറത്തുനിന്ന് ആഹാരം കഴിക്കുമ്പോള്‍ വൃത്തിക്കുറവ് കൊണ്ട് അണുബാധ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതുമൂലം ഛര്‍ദ്ദിയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകാം, ഇതിനായി മരുന്ന് കഴിക്കേണ്ടി വരും. മാത്രമല്ല ഗര്‍ഭധാരണ സമയത്തെ ഛര്‍ദ്ദിയുടെ ഒപ്പം ഇതു കൂടിയാകുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാം. കഴിയുന്നതും വീട്ടിലുണ്ടാക്കുന്ന, അധികം എണ്ണയും എരുവും മസാലയുമൊക്കെ ചേരാത്ത ഭക്ഷണമാണ് ഉത്തമം.
ആദ്യത്തെ മൂന്നു മാസം ഉണ്ടായേക്കാവുന്ന ഒരു സംശയമാണ് യാത്ര ചെയ്യാമോ, പടികൾ കയറാമോ, ജോലി ചെയ്യാമൊ എന്നൊക്കെയുള്ളത്. ആദ്യത്തെ മൂന്നു മാസത്തില്‍ മാത്രമല്ല, തുടര്‍ന്നുള്ള സമയത്തും പൂര്‍ണ്ണ വിശ്രമത്തിന്റെ ആവശ്യമില്ല എന്നതാണ് സത്യം. സാധാരണ പോലെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം. ഈ സമയത്ത് ഒരു സാധാരണ സ്ത്രീ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യാം. പടി കയറുന്നതിനും യാതൊരു തടസവുമില്ല. ഇങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാല്‍ ഗര്‍ഭം അലസിപ്പോകുമോ എന്ന ഭയം പലര്‍ക്കുമുണ്ട്. എന്നാൽ ഈ ഭയത്തിന്റെ ആവശ്യമില്ല. ഇനി കൃത്യമായ വിശ്രമം വേണമെന്ന് ഡോക്ടർ പ്രത്യേകം നിർദേശം നൽകുന്ന ഗർഭിണികൾ മാത്രം അവരുടെ നിർദ്ദേശാനുസരണമുള്ള കാര്യങ്ങൾ ചെയ്താൽ മതി.
പല സ്ത്രീകള്‍ക്കും ഈ സമയത്ത് ഛര്‍ദ്ദി ഉള്ളതുകൊണ്ടോ അല്ലെങ്കില്‍ ഛര്‍ദ്ദിക്കാന്‍ തോന്നുന്നു എന്നതുകൊണ്ടോ ചിലപ്പോള്‍ വെള്ളം കുടിക്കാനോ ആഹാരം കഴിക്കാനോ സാധിച്ചെന്നു വരില്ല. ഏത് സമയത്ത് വെള്ളം കുടിച്ചാലാണ് ഛര്‍ദ്ദിക്കാതിരിക്കുക, ഏത് ഭക്ഷണം കഴിച്ചാലാണ് ബുദ്ധിമുട്ട് ഇല്ലാതിരിക്കുക എന്ന് സ്വയം മനസ്സിലാക്കി അത്യാവശ്യം വേണ്ട ആഹാരങ്ങള്‍ ഈ മൂന്നു മാസം കഴിക്കുക. ഈ മൂന്നു മാസത്തില്‍ സാധാരണ അളവില്‍ കൂടുതല്‍ ആഹാരത്തിന്റെ ആവശ്യമില്ല. ഈ സമയം അവയവങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. കുഞ്ഞിന് വളര്‍ച്ച വലുതായി കാണുകയില്ല. കഴിയുമെങ്കില്‍ ഗര്‍ഭകാലത്ത് ഒന്നര – രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം. കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, കാപ്പി, ചായ, ജ്യൂസ്, തിളപ്പിച്ചാറിയ വെള്ളം എന്നിവ ഉള്‍പ്പെടുത്താം.
Discussion about this post