തീയറ്ററിലെ വൻ വിജയത്തിന് ശേഷം കണ്ണൂർ സക്വാഡ് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് നാളെ മുതൽ ഒടിടിയിൽ റിലീസ് ചെയ്യുന്നത്. തീയറ്ററിൽ കാണാൻ കഴിയാത്തവർക്കും വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നവർക്കും വിവിധ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഈ ചിത്രങ്ങൾ കാണാം. ഏതൊക്കെ ചിത്രങ്ങളാണ് നാളെ മുതൽ ഒടിടിയിൽ റിലീസ് ചെയ്യുന്നതെന്നറിയാം.
കണ്ണൂർ സ്ക്വാഡ്
സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് നാളെ (നവംബർ 17) ഒടിടിയിലെത്തും. പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിൽ ആണ് ചിത്രം എത്തുന്നത്. സെപ്റ്റംബർ 28ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ അൻപത് ദിവസം പൂർത്തിയാക്കിയാണ് ഒടിടിയിൽ എത്തുന്നത്.
റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് സിനിമ. ഇന്ന് അർദ്ധരാത്രി മുതൽ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം കാണാൻ സാധിക്കും.
ഗോസ്റ്റ്
ശിവരാജ് കുമാർ നായകനായി എത്തിയ ചിത്രമാണ് ഗോസ്റ്റ് നാളെ മുതൽ ഒടിടിയിലെത്തും. ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സീ ഫൈവിലൂടെ ആണ് ഗോസ്റ്റ് ഒടിടിയിൽ എത്തുക. എംജി ശ്രീനിവാസ് സംവിധാനം ചെയ്ത ഗോസ്റ്റില്‍ അനുപം ഖേർ, പ്രശാന്ത് നാരായണൻ, അർച്ചന ജോയിസ്, സത്യപ്രകാശ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചിത്ത
തമിഴ് നടൻ സിദ്ധാർത്ഥ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘ചിത്ത’ നാളെ ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം കാണാൻ സാധിക്കും. സെപ്റ്റംബർ 28ന് ആയിരുന്നു സിനിമയുടെ തിയറ്റർ റിലീസ്.
പുലിമട
ജോജു ജോര്‍ജ് നായകനായ പുലിമട നവംബര്‍ 23ന് നെറ്റ്‍ഫ്ലിക്സിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ജോജു വിന്റെ വേറിട്ട പ്രകടനം കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘പുലിമട’. ചിത്രത്തിൽ നായികാ കഥാപാത്രങ്ങളിൽ എത്തിയിരിക്കുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്.
എകെ സാജൻ സംവിധാനം ചെയ്‍ത ചിത്രത്തിന്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഐൻസ്റ്റീൻ മീഡിയയുടെയും ലാൻഡ് സിനിമാസിന്റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്‍ണ പ്രഭ, പൗളി വിത്സൻ, ഷിബില, ലിജോ മോൾ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചാവേർ
അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ ചാവേർ നവംബർ 24ന് ഒടിടിയിൽ എത്തും. സോണി ലൈവിൽ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്.
ലിയോ
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമാണ് ലിയോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. നവംബർ 16ന് ലിയോ റിലീസ് ചെയ്യുമെന്ന തരത്തിൽ നേരത്തെ പ്രചരണങ്ങൾ നടന്നിരുന്നു എങ്കിലും ചിത്രം സ്ട്രീമിങ്ങിന് എത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രം നവംബർ 23ന് ഒടിടിയിൽ എത്തുമെന്നാണ് വിവരം. സഞ്ജയ് ദത്ത്, അർജുൻ സർജ, തൃഷ, ബാബു ആന്റണി, മാത്യു തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ലിയോ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. പ്രത്യേകിച്ച് ആദ്യദിനം. എന്തായാലും ലിയോയുടെ ഔദ്യോഗിക ഒടിടി റിലീസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.
Discussion about this post