പാലക്കാട് : ദേവരഥങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന സ്വർഗീയാനന്ദമായ രഥസംഗമത്തിൽ ഭക്തിസാന്ദ്രമായി കൽപ്പാത്തി തെരുവുകൾ. അഞ്ച് രഥങ്ങൾ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തി. കൽപ്പാത്തിയിലെ 4 ക്ഷേത്രത്തിലെയും ആറു ദേവന്മാർ ഒരുമിച്ച് സംഗമിക്കുന്ന രഥോത്സവത്തിന്റെ അവസാന ദിനമാണ് ഇന്ന്.
ദേവരഥങ്ങൾ എല്ലാം ഒന്നിക്കുന്ന ഈ ദിവസം കൽപ്പാത്തിയിലെ ജനങ്ങൾ ഭക്തിയുടെ ആനന്ദ നിറവിൽ ആണ്. എല്ലാ രഥങ്ങളും മുഖാമുഖമായി പരസ്പരം കണ്ടുമുട്ടുന്ന ദിവസമാണ് രഥോത്സവത്തിന്റെ അവസാന ദിനം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം,
പുതിയ കൽപ്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിൽ നിന്നുമാണ് ദേവരഥങ്ങൾ കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിലേക്ക് പുറപ്പെടുന്നത്.
രഥോത്സവത്തിന്റെ പുണ്യ മുഹൂർത്തങ്ങൾക്ക് സാക്ഷിയാകാനായി ഭക്തലക്ഷങ്ങൾ ആണ് കൽപ്പാത്തിയിലെ തെരുവീഥികളിൽ നിറഞ്ഞു നിൽക്കുന്നത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരും വിദേശ വിനോദസഞ്ചാരികൾ പോലും കൽപ്പാത്തി രഥോത്സവം കാണാനായി എത്തിച്ചേർന്നിട്ടുണ്ട്. ഭക്തിസാന്ദ്രമായി ഈ വർഷത്തെ കൽപ്പാത്തി രഥോത്സവം പൂർണ്ണതയിലേക്ക് എത്തുകയാണ്.
Discussion about this post