തിരുവനന്തപുരം : കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ അനുമതി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേരള വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി കേന്ദ്ര മന്ത്രി ആർ. കെ. സിങ്ങുമായി കൂടിക്കാഴ്ച നടത്തി. തോറിയം അധിഷ്ഠിത ആണവ നിലയം കേരളത്തിൽ സ്ഥാപിക്കണമെന്നാണ് സംസ്ഥാന വൈദ്യുതി മന്ത്രിയുടെ ആവശ്യം.
തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് തോറിയം അധിഷ്ഠിത ആണവ വൈദ്യുതനിലയം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 32 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആണവ നിലയം ആണിത്. ഭാഭ ആറ്റമിക് റിസര്‍ച് സെന്‍ററാണ് കല്‍പ്പാക്കത്തെ ആണവ വൈദ്യുതി നിലയം വികസിപ്പിച്ചെടുത്തത്. ഇതേ രീതിയിൽ കേരളത്തിലും തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മന്ത്രി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളതീരത്ത് മികച്ച ഗുണനിലവാരമുള്ള തോറിയം ധാരാളം ഉണ്ടെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം കേരളത്തിലെ ജലവൈദ്യുത പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം വേണമെന്നും നബാർഡിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ ലോൺ അനുവദിക്കണമെന്നും കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയ ഇ.വി ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന അധിക ഇൻഫ്രാസ്ട്രെക്ച്ചർ ചെലവ് കേന്ദ്രസർക്കാർ വഹിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പവർ പ്രോജക്റ്റുകൾക്ക് ഏകജാലക സംവിധാനം ഒരുക്കുക, നിലവിലുള്ള പദ്ധതികളുടെ വ്യവസ്ഥകളിൽ ഇളവ് അനുവദിക്കുക എന്നീ കാര്യങ്ങളും സംസ്ഥാന സർക്കാർ സമർപ്പിച്ച ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
Discussion about this post