ന്യൂഡല്‍ഹി : നിലവില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണം ബിജെപി സ്വന്തമാക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെ പോകുമെന്നും ബിജെപി അധികാരത്തിലെത്തുമെന്ന് തനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നടക്കുന്ന ഏഷ്യാ-പസഫിക് സാമ്പത്തിക സഹകരണം (അപെക്) ല്‍ പങ്കെടുക്കാന്‍ എത്തിയതാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. അമേരിക്കയിലാണെങ്കിലും ഇന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ താന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അതേസമയം ഛത്തീസ്ഗഡില്‍ പാര്‍ട്ടി വ്യക്തമായും മുന്നിലാണെന്നും മധ്യപ്രദേശ് ബിജെപിയിലേക്ക് മടങ്ങുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. വാര്‍ത്താ ചാനലുകളില്‍ വരുന്ന പ്രവചനങ്ങളും അഭിപ്രായ വോട്ടെടുപ്പുകളും ഈ സംസ്ഥാനങ്ങളിലെ അടിസ്ഥാന സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“നമ്മള്‍ ഗ്രൗണ്ടില്‍ കാണുന്നത് വളരെ വ്യക്തമാണ്. ഞാന്‍ രാജസ്ഥാനും മധ്യപ്രദേശും വിപുലമായി സന്ദര്‍ശിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഏകപക്ഷീയമായ കാര്യമാണ് നോക്കുന്നത്. ഞങ്ങള്‍ രാജസ്ഥാനില്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപിക്ക് വിജയം നല്‍കാന്‍ തയ്യാറാണ്”, കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ തിരികെ എത്തിയിട്ട് വീണ്ടും തെലങ്കാന സന്ദര്‍ശിക്കുമെന്നും ഗ്രൗണ്ടിലെ സ്ഥിതി ഗതികള്‍ കൂടുതല്‍ അടുത്തറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post