തിരുവനന്തപുരം: നവകേരള സദസിനായി മന്ത്രിമാർക്ക് യാത്ര ചെയ്യാനുള്ള ആഡംബര ബസ് വിവാദത്തിൽ തന്നെ. ബസിനായി നിയമത്തിൽ വരെ പ്രത്യേക ഇളവുകളാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഗതാഗതവകുപ്പ് നിയമങ്ങൾ ഭേദഗതി ചെയ്തിറക്കിയ വിജ്ഞാപനം മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ബംഗളൂരുവിൽ നിന്ന് ബസ് കാസർകോട്ടേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ബസിനായി പ്രത്യേക ഇളവുകൾ വരുത്തിയത്. കെഎസ്ആർടി.സി എംഡിയുടെ ശുപാർശയിലാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.
കോൺട്രാക്ട് ക്യാരേജ് ബസുകൾക്കായുള്ള നിയമത്തിലാണ് ഭേദഗതി വരുത്തികൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിൻറെ മുൻനിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഡംബര ബസ്സിന് മാത്രമായിരിക്കും ഇളവുകൾ ബാധകമായിരിക്കുക.
കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് വെള്ള നിറം വേണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഇതിലും നവകേരള ബസിന് ഇളവ് നൽകിയിട്ടുണ്ട്. കറുപ്പു നിറമാണ് ബസ്സിന് നൽകിയിരിക്കുന്നത്. വിവിഐപികൾക്കുള്ള ബസ്സിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവന്നാണ് ഉത്തരവിൽ പറയുന്നത്. 12 മീറ്റർ വാഹനത്തിനാണ് ഇളവ്. സർക്കാർ ആവശ്യപ്പെടുമ്പോൾ വാഹനം വിൽക്കണമെന്നും സർക്കാർ വിജ്ഞാപനത്തിലുണ്ട്
Discussion about this post