ഇസ്ലാമാബാദ് : ധനകാര്യ മന്ത്രാലയത്തിൽനിന്നും ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പാകിസ്താനിലെ 6 ആശുപത്രികൾ പൂട്ടാനൊരുങ്ങുന്നു. ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ട 11 ബില്യൺ നിരസിച്ചതിനെ തുടർന്നാണിത്. ഇസ്ലാമാബാദിലെ അഞ്ച് പൊതുമേഖലാ ആശുപത്രികളും ലാഹോറിലെ ഷെയ്ഖ് സായിദ് ആശുപത്രിയുമാണ് ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ പൂട്ടാനൊരുങ്ങുന്നത്. പാക് പത്രമായ ഡോണാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ആശുപത്രി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ നഴ്‌സുമാർ ഒരാഴ്ചയിലേറെയായി പ്രതിഷേധത്തിലാണ്. ടെസ്റ്റിംഗ് കിറ്റുകളുടെ സ്റ്റോക്ക് തീർന്നതിനാൽ ആശുപത്രികളിലെ ലാബുകളും ഉടൻ പൂർണമായി പ്രവർത്തനം നിർത്തും.മരുന്ന് കമ്പനികൾക്ക് ടെൻഡർ തുക നൽകാത്തതിനാൽ രോഗികൾക്ക് ആവശ്യമായ മരുന്നുകളും ലഭിക്കുന്നില്ല.
കഴിഞ്ഞ മാസമാണ് പാകിസ്താൻ ആരോഗ്യ മന്ത്രാലയം ആശുപത്രികളുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി ഫണ്ട് അനുവദിക്കണമെന്ന് ധനകാര്യമന്ത്രാലയത്തോട് അഭ്യർത്ഥിച്ചത്. 11.096 ബില്യൺ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) വ്യവസ്ഥകൾ പ്രകാരം ദുരന്തമുണ്ടായാൽ മാത്രമേ ഫണ്ട് അനുവദിക്കാൻ സാധിക്കൂ.ഇതാണ് പണം നൽകുന്നതിന് തടസ്സമായത് എന്നാണ് റിപ്പോർട്ട്. ഇക്കാര്യങ്ങൾ ആരോഗ്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആശുപത്രികളിലെ പ്രവർത്തനം ഭാഗികമായി മുടങ്ങിയ അവസ്ഥയിലാണിപ്പോൾ. ടെണ്ടർ തുക നൽകാത്തതിനാൽ മരുന്ന് കമ്പനികളിൽ നിന്നും മരുന്ന് ലഭിക്കുന്നില്ല, ടെസ്റ്റിംഗ് കിറ്റുകൾ ലഭിക്കാത്തതിനാൽ ലാബുകളുടെ പ്രവർത്തനം മുടങ്ങി. ആശുപത്രിയിലെ ഡോക്ടർമാർ , നഴ്സിംഗ് സ്റ്റാഫുകൾ മറ്റ് ജീവനക്കാർ തുടങ്ങിയവർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post