തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നവകേരളയാത്ര എന്ന പേരില്‍ പൊതുഖജനാവിലെ പണം കൊണ്ട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“കര്‍ഷകരും പാവങ്ങളും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്തടിക്കുകയാണ്. കോടികളുടെ ആഡംബര ബസില്‍ കേരളം ചുറ്റി വന്‍കിട മുതലാളിമാര്‍ക്ക് സല്‍ക്കാരം ഒരുക്കുന്ന മുഖ്യമന്ത്രി നെല്‍കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച പണം പോലും നല്‍കുന്നില്ല. ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കാന്‍ പണം നല്‍കാത്ത സര്‍ക്കാരാണ് മുഖച്ഛായ വര്‍ദ്ധിപ്പിക്കാന്‍ നവകേരള സദസ് സംഘടിപ്പിക്കുന്നത്”, സുരേന്ദ്രന്‍ പറഞ്ഞു.
ആദ്യം പാവങ്ങളുടെ ക്ഷേമ പെന്‍ഷന്‍ എങ്കിലും കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജനങ്ങളുടെ മേല്‍ കെട്ടിവെച്ച നികുതിഭാരം കുറയ്ക്കാനുള്ള വീണ്ടു വിചാരം സര്‍ക്കാരിനുണ്ടാവണം. വൈദ്യുതി ചാര്‍ജും വെള്ളക്കരവും കെട്ടിട നികുതിയും വര്‍ദ്ധിപ്പിച്ച നടപടി ഉടന്‍ മരവിപ്പിക്കണം. എന്നാല്‍ യാത്ര കഴിയുമ്പോഴേക്കും കേരള ജനതയ്ക്ക് സമ്മാനമായി അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും ബിജെപി അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ആഡംബര ബസിന് കേരളത്തിലെ റോഡ് നിയമങ്ങളൊന്നും ബാധകമല്ല. ചില സ്വകാര്യ ബസുകള്‍ക്ക് ഫൈന്‍ ഇടുന്ന എംവിഡിക്ക് മുഖ്യമന്ത്രിയുടെ ബസിന്റെ കാര്യത്തില്‍ ഇരട്ടനീതിയാണ്. കോടികള്‍ കൊടുത്ത് വാങ്ങിയ ബസ് മ്യൂസിയത്തില്‍ വെച്ചാല്‍ ആയിരങ്ങള്‍ കാണാന്‍ വരുമെന്നാണ് എംകെ ബാലന്‍ പറയുന്നത്. ഇങ്ങനെ പോയാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ സിപിഎമ്മിനെ കാണാന്‍ മ്യൂസിയത്തില്‍ പോവേണ്ടി വരുമെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.












