ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ പൂജയിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലേക്ക് പോയവരെ ആക്രമിച്ച സംഭവത്തിൽ മദ്രസ വിദ്യാർത്ഥികൾ അറസ്റ്റിൽ. 9 ഉം 12 ഉം വയസ്സുള്ള മൂന്ന് കുട്ടികൾ ആണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
സംഭവ ശേഷം പ്രദേശത്തെ സിസിടിവി ക്യാമറയിൽ വിദ്യാർത്ഥികൾ കല്ലെറിയുന്നതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഒൻപതുവയസ്സുള്ള കുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു. 12 വയസ്സുള്ള രണ്ട് കുട്ടികളും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഈ കുട്ടികളെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സംഘങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ എട്ട് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ പ്രദേശവാസിയായ രമോത്തർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. അതേസമയം പ്രദേശത്ത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാൻ കുട്ടികളെ കരുവാക്കിയതാണെന്നാണ് പോലീസിന്റെ അനുമാനം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത് രംഗത്ത് എത്തി.
Discussion about this post