അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ അമിത ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ബൗളിംഗിലൂടെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ലോക കിരീടം നേടാൻ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കങ്കാരുക്കൾക്ക് ആദ്യ പവർപ്ലേയിൽ തന്നെ മൂന്ന് മുൻ നിര വിക്കറ്റുകൾ നഷ്ടമായി. 10 ഓവർ പൂർത്തിയാകുമ്പോൾ 60 റൺസ് എന്ന നിലയിലാണ് ഓസീസ്.
ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത് എന്നീ കരുത്തന്മാരെ പുറത്താക്കി പേസ് ബൗളർമാരായ ജസ്പ്രീത് ബൂമ്രയും മുഹമ്മദ് ഷമിയും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയിരിക്കുന്നത്. 19 റൺസുമായി ട്രവിസ് ഹെഡും റൺസ് ഒന്നും എടുക്കാതെ മാർനസ് ലബൂഷെയ്നുമാണ് ക്രീസിൽ. സ്ട്രെയ്റ്റ് സ്പിന്നർമാർക്ക് രണ്ടാം ഇന്നിംഗ്സിൽ മികച്ച മുൻതൂക്കം നൽകുന്ന അഹമ്മദാബാദിലെ പിച്ചിൽ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. കുൽദീപ് യാദവും മികച്ച രീതിയിൽ പന്തെറിഞ്ഞാൽ ഓസീസ് ചേസിംഗ് ദുഷ്കരമാകും.
നേരത്തേ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസ്ട്രേലിയ രണ്ടും കൽപ്പിച്ചാണ് എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു പന്തെറിഞ്ഞത്. അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യൻ യുവനിര വിക്കറ്റ് തുലച്ചപ്പോൾ, പക്വതയാർന്ന ബാറ്റിംഗ് കാഴ്ചവെച്ച വിരാട് കോഹ്ലിയും കെ എൽ രാഹുലുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രാഹുൽ 66 റൺസും കോഹ്ലി 54 റൺസും നേടി. ആദ്യ ഘട്ടത്തിൽ തകർപ്പൻ അടികളിലൂടെ 47 റൺസ് നേടിയ ക്യാപ്ടൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്സ് ഇന്ത്യൻ ടോട്ടലിൽ നിർണായകമായി. ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും വിക്കറ്റുകൾ വലിച്ചെറിഞ്ഞതും സൂര്യകുമാർ യാദവ് ദയനീയ പരാജയമായതും ഇന്ത്യക്ക് തിരിച്ചടിയായി.
മികച്ച രീതിയിൽ പന്തെറിഞ്ഞ ഓസീസ് ബൗളർമാർ ഇന്ത്യൻ ബാറ്റിംഗ് നിരയെ വരിഞ്ഞ് മുറുക്കി. മിച്ചൽ സ്റ്റാർക്ക് മൂന്നും കമ്മിൻസും ഹേസല്വുഡും 2 വീതവും മാക്സ്വെൽ ഒരു വിക്കറ്റും വീഴ്ത്തി.
Discussion about this post