അഹമ്മദാബാദ്: ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും സമഗ്രാധിപത്യം പുലർത്തി ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 6 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസീസിന്റെ കിരീട നേട്ടം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം 43 ഓവറിൽ വെറും 4 വിക്കറ്റുകൾ മാത്രം നഷ്ടമാക്കി കങ്കാരുപ്പട മറികടന്നു.
തകർപ്പൻ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും അർദ്ധസെഞ്ച്വറിയുമായി ഉറച്ച പിന്തുണ നൽകിയ മാർനഷ് ലബൂഷെയ്നുമാണ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. ഹെഡ് 120 പന്തിൽ 137 റൺസുമായി അവസാന നിമിഷം പുറത്തായപ്പോൾ ലബൂഷെയ്ൻ 58 റൺസുമായും മാക്സ്വെൽ 2 റൺസുമായും പുറത്താകാതെ നിന്നു. വാർണറും മാർഷും സ്മിത്തും വേഗം മടങ്ങിയപ്പോൾ ഒത്തുചേർന്ന ഹെഡും ലബൂഷെയ്നും ചേർന്ന് പോരാട്ടം ഇന്ത്യൻ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു.
നേരത്തേ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസ്ട്രേലിയ രണ്ടും കൽപ്പിച്ചാണ് എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു പന്തെറിഞ്ഞത്. അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യൻ യുവനിര വിക്കറ്റ് തുലച്ചപ്പോൾ, പക്വതയാർന്ന ബാറ്റിംഗ് കാഴ്ചവെച്ച വിരാട് കോഹ്ലിയും കെ എൽ രാഹുലുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രാഹുൽ 66 റൺസും കോഹ്ലി 54 റൺസും നേടി. ആദ്യ ഘട്ടത്തിൽ തകർപ്പൻ അടികളിലൂടെ 47 റൺസ് നേടിയ ക്യാപ്ടൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്സ് ഇന്ത്യൻ ടോട്ടലിൽ നിർണായകമായി. ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും വിക്കറ്റുകൾ വലിച്ചെറിഞ്ഞതും സൂര്യകുമാർ യാദവ് ദയനീയ പരാജയമായതും ഇന്ത്യക്ക് തിരിച്ചടിയായി.
മികച്ച രീതിയിൽ പന്തെറിഞ്ഞ ഓസീസ് ബൗളർമാർ ഇന്ത്യൻ ബാറ്റിംഗ് നിരയെ വരിഞ്ഞ് മുറുക്കി. മിച്ചൽ സ്റ്റാർക്ക് മൂന്നും കമ്മിൻസും ഹേസല്വുഡും 2 വീതവും മാക്സ്വെൽ ഒരു വിക്കറ്റും വീഴ്ത്തി. മറുവശത്ത്, പേസർമാർ ആദ്യം നൽകിയ ഭേദപ്പെട്ട തുടക്കം മുതലാക്കാൻ ഇന്ത്യൻ സ്പിന്നർമാരായ ജഡേജക്കും കുൽദീപിനും സാധിച്ചില്ല. പിച്ചിൽ നിന്ന് ബൗളർമാർക്ക് കാര്യമായ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ വന്നതോടെ, ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. അക്ഷരാർത്ഥത്തിൽ ഓസീസ് പ്രൊഫഷണൽ ക്രിക്കറ്റിന്റെ നേർക്കാഴ്ചയായിരുന്നു ഫൈനലിൽ പ്രകടമായത്.
Discussion about this post