ചെന്നൈ : നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരെ തമിഴ് താര സംഘടനയായ നടികർ സംഘം. മൻസൂർ അലി ഖാൻ മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സംഘടനയിലെ അംഗത്വം താൽക്കാലികമായി സസ്പെൻഡ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
മൻസൂർ അലി ഖാനെപ്പോലുള്ള ഒരു മുതിർന്ന നടൻ തന്റെ സഹപ്രവർത്തകരെ കുറിച്ച് മോശമായ പരാമർശം നടത്തിയത് ഞെട്ടിക്കുന്നതായിരുന്നുവെന്ന് നടികർ സംഘം വ്യക്തമാക്കി. “സിനിമാ വ്യവസായം സ്ത്രീകൾക്ക് കടന്നുവരാനും വിജയിക്കാനും ബുദ്ധിമുട്ടുള്ള മേഖലയായി തുടരുന്നു. അതിനാൽ, കരിയറിലെ നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്യുന്ന നടിമാരെക്കുറിച്ച് മോശപ്പെട്ട അഭിപ്രായങ്ങൾ കാണുന്നത് നിരാശാജനകമാണ്. മൻസൂർ അലി ഖാൻ സഹ നടിമാരെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ ഞങ്ങൾ അപലപിക്കുന്നു. ഒരു നടനും സംവിധായകനും നിർമ്മാതാവുമായ ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറുന്നത് കാണുമ്പോൾ അഗാധമായ ദുഃഖമുണ്ട്” എന്നും നടികർ സംഘം ഈ വിഷയത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
“ഈ അപമാനകരമായ പ്രവൃത്തി കാരണം, മൻസൂർ തന്റെ തെറ്റ് മനസ്സിലാക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യുന്നത് വരെ അദ്ദേഹത്തെ താൽക്കാലികമായി വിലക്കാനാണ് നടികർ സംഘം ആലോചിക്കുന്നത്. പൊതുജനങ്ങളോട് സംസാരിക്കുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ ഞങ്ങൾ മറ്റ് അഭിനേതാക്കളോട് അഭ്യർത്ഥിക്കുന്നു” എന്നും തമിഴ് താര സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നടൻ മൻസൂർ അലി ഖാൻ ആദ്യമായല്ല ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നതെന്ന് നിരവധി പേരാണ് വെളിപ്പെടുത്തിയത്. നേരത്തെ ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടയിൽ നടി മഡോണ സെബാസ്റ്റ്യനെ കുറിച്ചും അദ്ദേഹം മോശമായ ചുവയോടെ സംസാരിച്ചിരുന്നു.
Discussion about this post