സഞ്ജു സാംസണിന്റെ ടി20 കരിയറിനെച്ചൊല്ലി ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വാക്പോര് മുറുകുന്നു. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ യുസ്‌വേന്ദ്ര ചഹലും ആർ. അശ്വിനും.
“10-12 വർഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച ഒരാൾക്ക് സമ്മർദ്ദം ഒരു ഒഴികഴിവല്ല.” തുടർച്ചയായ നാല് ഇന്നിംഗ്സുകളിൽ പരാജയപ്പെടുന്നത് ന്യായീകരിക്കാനാവില്ലെന്നും, ഇഷാൻ കിഷനെപ്പോലൊരു താരം പുറത്ത് കാത്തിരിക്കുമ്പോൾ പ്രകടനം അനിവാര്യമാണെന്നും ചഹൽ ജിയോ സ്റ്റാറിനോട് പറഞ്ഞു.
എന്നാൽ സഞ്ജുവിനെ പിന്തുണച്ച അശ്വിൻ, കുറച്ച് മത്സരങ്ങളിലെ പരാജയത്തിന്റെ പേരിൽ കളിക്കാരെ മാറ്റുന്നത് ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മോശമാക്കുമെന്ന് അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ സ്വാഭാവികമായ ആക്രമണോത്സുക ശൈലിയെ ശിക്ഷിക്കുന്നത് അനീതിയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നായി വെറും 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
നാളെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അഞ്ചാം ടി20 സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിൽ അതീവ നിർണ്ണായകമാണ്. ഇഷാൻ കിഷൻ അവസരം കാത്തിരിക്കുന്നതും തിലക് വർമ്മ തിരിച്ചുവരവിനൊരുങ്ങുന്നതും സഞ്ജുവിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.













Discussion about this post