ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20-യിലെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ട്രോളി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ‘ബി’ ടീമിനെ തോൽപ്പിച്ചതാണോ ഇത്ര വലിയ കാര്യം എന്ന ചോദ്യവുമായാണ് ചോപ്ര രംഗത്തെത്തിയത്.
ഓസ്‌ട്രേലിയക്കെതിരെ 22 റൺസിന് വിജയിച്ച പാകിസ്ഥാൻ ടീമിനെ ഷെഹ്ബാസ് ഷെരീഫ് എക്സിലൂടെ അഭിനന്ദിച്ചു. ഇതൊരു “ഇലക്ട്രിഫൈയിംഗ്” പ്രകടനമാണെന്നും രാജ്യത്തിന് അഭിമാന നിമിഷമാണെന്നും അദ്ദേഹം കുറിച്ചു. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ഷെരീഫിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആകാശ് ചോപ്ര ഇങ്ങനെ കുറിച്ചു: “ബഹുമാനത്തോടെ പറയട്ടെ… ഇത് ഓസ്‌ട്രേലിയയുടെ ബി ടീമിനെതിരായ ഒരു പരമ്പരയാണ്. അവരുടെ പ്രധാന താരങ്ങളൊന്നും കളിക്കുന്നില്ല. 170 റൺസ് ലക്ഷ്യമുള്ള കളിയിൽ 20 റൺസിന് ജയിക്കുന്നതിനെ ഇലക്ട്രിഫൈയിംഗ് എന്ന് വിളിക്കാനാവില്ല”.
പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഗ്ലെൻ മാക്‌സ്‌വെൽ, ടിം ഡേവിഡ് തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് ഓസ്‌ട്രേലിയ പരമ്പരയ്ക്കെത്തിയത്. ഒന്നാം മത്സരത്തിൽ ക്യാപ്റ്റൻ മിച്ചൽ മാർഷും കളിച്ചിരുന്നില്ല. പകരം ട്രാവിസ് ഹെഡ് ആണ് ടീമിനെ നയിച്ചത്.













Discussion about this post