തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരാജയം അതിരുവിട്ട് ആഘോഷിച്ച് സിപിഎം ചാനലായ കൈരളി ന്യൂസ്. ‘ഇന്ത്യയുടെ തലയെടുത്ത് ഓസീസ്‘ എന്ന കൈരളി ടിവിയുടെ തലക്കെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരു കായിക വിനോദത്തിലെ രാജ്യത്തിന്റെ തോൽവി പോലും ഇത്രയും നികൃഷ്ടമായ രീതിയിൽ ആഘോഷിക്കുന്ന കൈരളിക്കെതിരെ ശക്തമായ പ്രതിഷേധം ആവശ്യമാണെന്ന അഭിപ്രായങ്ങളാണ് ഉയരുന്നത്.
‘ഇന്ത്യയുടെ തലയെടുത്ത് ഓസീസ്‘ എന്ന തലക്കെട്ടിന് പുറമേ, കിരീടമില്ലാത്ത രാജാക്കന്മാരായി ഇന്ത്യ എന്ന തലക്കെട്ടും കൈരളി ടിവിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും സ്പോർട്സിനപ്പുറം നിറയുന്ന വിദ്വേഷത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.
ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിലെ കളിക്കാരെയും അവരുടെ ഭാര്യമാരെയും അധിക്ഷേപിക്കുന്ന പരാമർശങ്ങളുമായി ഒരു വിഭാഗം ആളുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായി വിദ്വേഷ പ്രചാരണം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും ധാരാളമാണ്. ഇന്ത്യൻ ടീമിലെ വിരാട് കോഹ്ലി അടക്കമുള്ള കളിക്കാരുടെ മതവിശ്വാസത്തെ അവഹേളിച്ചും നിരവധി പേർ രംഗത്തുണ്ട്.
Discussion about this post