ജയ്പൂർ: ലോകത്തിലെ ഏറ്റവും വലുതും വിശ്വസനീയവുമായ രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജസ്ഥാന്റെ അഭിമാനത്തിനും അന്തസ്സിനും പോറലേൽപ്പിക്കുക മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷത്തെ കോൺഗ്രസ് ഭരണം ചെയ്തത്. ഒരു വ്യക്തിക്ക് പരാജയം സംഭവിച്ചാലും പാർട്ടിക്ക് തെറ്റ് പറ്റില്ല എന്നതാണ് ബിജെപിയുടെ വിജയ രഹസ്യമെന്നും ഷാപുരയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് പറഞ്ഞ ബിജെപി അത് ചെയ്തു കാണിച്ചു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും എന്നതും ബിജെപിയുടെ പ്രഖ്യാപനമായിരുന്നു. ഭഗവാൻ ശ്രീരാമനെ ദർശിക്കാൻ ജനുവരി 22ന് അയോധ്യയിൽ എത്തിച്ചേരാൻ ബിജെപി എല്ലാവരെയും ക്ഷണിച്ചിരിക്കുകയാണ്. രാജ്നാഥ് സിംഗ് പറഞ്ഞു.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി മുന്നോട്ട് വെച്ച എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടും. നേരത്തേ ലോകരാജ്യങ്ങൾ ഇന്ത്യയെ ദുർബല രാജ്യം എന്ന് മുദ്രകുത്തി അവഗണിക്കുമായിരുന്നു. എന്നാൽ ഇന്ന് ഏതൊരു വിഷയത്തിലും ഇന്ത്യയുടെ ശബ്ദം കേൾക്കാൻ ലോകം കാത് കൂർപ്പിക്കുകയാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
നവംബർ 25നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മിസോറം, തെലങ്കാന, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ 3നാണ് രാജസ്ഥാനിലെയും ഫലപ്രഖ്യാപനം.
Discussion about this post