കൊച്ചി: പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ ഉൾപ്പെടെ വോട്ട് ബാങ്ക് ലക്ഷ്യത്തോടെ മതഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് – കോൺഗ്രസ് മുന്നണികളുടെ തനിനിറം തുറന്നുകാട്ടാൻ ദേശീയ ജനാധിപത്യ സഖ്യം. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഡിഎയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ സദസ് സംഘടിപ്പിക്കും. കോൺഗ്രസും മുസ്ലീം ലീഗും മത്സരിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് തിരഞ്ഞെടുത്ത കോഴിക്കോട് ഉൾപ്പെടെയാണ് എൻഡിഎ ഭീകരവിരുദ്ധ സദസ് സംഘടിപ്പിക്കുന്നത്.
വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കേരളത്തെ മതഭീകരതയുടെ ഇരുളിലേയ്ക്ക് നയിക്കുന്ന കമ്മ്യൂണിസ്റ്റ്-കോൺഗ്രസ് മുന്നണികളുടെ നയങ്ങൾക്കെതിരെ ശബ്ദമുയർത്തുകയാണ് ലക്ഷ്യമെന്ന് എൻഡിഎ വ്യക്തമാക്കി. കപടമതേതര മുഖംമൂടിയണിഞ്ഞ് ഇരുമുന്നണികളും നടത്തുന്ന പ്രീണന രാഷ്ട്രീയം ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. മതഭീകരതയ്ക്കെതിരെ പോരാടാം, എൻഡിഎയോടൊപ്പം അണിചേരാം എന്ന മുദ്രാവാക്യവുമായാണ് പരിപാടി.
പത്തനംതിട്ടയിൽ നവംബർ 24നു നടക്കുന്ന ഭീകരവിരുദ്ധസദസ്സ് കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ നവംബർ 26 ന് നടക്കുന്ന പരിപാടിയും വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
ഡിസംബർ ഒന്നിന് തൃശൂരിൽ നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് ഉദ്ഘാടനം ചെയ്യുക. ഡിസംബർ രണ്ടിന് കോഴിക്കോടും രാജീവ് ചന്ദ്രശേഖർ ആണ് പരിപാടി ഉദ്ഘാടനം ചെയ്യുക.
പലസ്തീൻ ഐക്യദാർഢ്യമെന്ന പേരിൽ മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഹമാസിന്റെ ഭീകരതയെ വെളളപൂശുന്ന സമീപനമാണ് കമ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസും എൽഡിഎഫ്, യുഡിഎഫ് ഘടകകക്ഷികളും സ്വീകരിക്കുന്നത്. മതേതര മുഖംമൂടിയണിഞ്ഞ് നടത്തുന്ന സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം നയങ്ങൾ തുറന്നുകാട്ടുകയാണ് എൻഡിഎയുടെ ലക്ഷ്യം.
Discussion about this post