മുംബൈ : മെട്രോ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്തു നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. സ്യൂട്ട് കേസിനുള്ളിൽ കാലുകൾ ശരീരത്തോട് ചേർത്ത് മടക്കിവെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സെൻട്രൽ മുംബൈയിലെ കുർളയിൽ ശാന്തിനഗർ സിഎസ്ടി റോഡിൽ ആണ് ഈ സ്യൂട്ട്കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മെട്രോ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട് കേസ് കണ്ടെത്തിയെന്ന് പോലീസിന് വിവരം ലഭിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സ്യൂട്ട് കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
25ന് 35 നും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ടീഷർട്ടും ട്രാക്ക് പാന്റും ധരിച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തു നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post