തിരുവനന്തപുരം: ക്രിസ്മസ് കഴിഞ്ഞ ഉടന്‍ സംസ്ഥാനത്ത് സപ്ലൈകോയില്‍ സബ്‌സിഡി ഇനങ്ങളുടെ വില വര്‍ദ്ധിപ്പിക്കും. നവകേരള സദസ്സ് അവസാനിക്കാനായിട്ടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നത്. നവകേരള സദസ് അവസാനിക്കുന്ന ഉടനെ സപ്ലൈകോയിലെ പതിമൂന്ന് സബ്സിഡി ഇനങ്ങളുടെ വില സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കും.
ജനുവരിയോടെ വില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടേക്കുമെന്നാണ് സൂചനകള്‍. മന്ത്രി ജി.ആര്‍.അനില്‍ കഴിഞ്ഞ ദിവസം സപ്ലൈകോ എംഡിയും മാനേജര്‍മാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വില വര്‍ധനയുടെ കാര്യം തീരുമാനിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. വില എത്ര ശതമാനം ഉയര്‍ത്തണം ,ഈ വില ജനങ്ങളെ എങ്ങനെ ബാധിക്കും എന്നടക്കമുള്ള കാര്യങ്ങള്‍ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാകും നടപടി. സബ്‌സിഡി ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നു സപ്ലൈകോ ഭക്ഷ്യപൊതുവിതരണ വകുപ്പിനു കത്തു നല്‍കിയതിനെത്തുടര്‍ന്നാണു നടപടി. വിലവര്‍ദ്ധനവിനെ കുറിച്ച് വിശദമായ പഠനം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്
ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വിലവര്‍ധനയുണ്ടാകുക. 2016 ഏപ്രിലിലാണ് ഒടുവില്‍ വില വര്‍ധിപ്പിച്ചത്. അതിനു മുന്‍പുണ്ടായിരുന്നതു പോലെ എല്ലാ മാസവും പൊതുവിപണിയിലെ വിലയുടെ അടിസ്ഥാനത്തില്‍ സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്ന കാര്യവും പരിഗണനയിലാണ്.
Discussion about this post