അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിനിടെ പലസ്തീൻ പതാകയുമായി അതിക്രമിച്ച് കയറിയ യുവാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഗുജറാത്ത് പോലീസ്. വാൻ ജോൺസൺ എന്നാണ് യുവാവിന്റെ പേര്. അയാൾ ഓസ്ട്രേലിയൻ പൗരനാണ്.
അയാളുടെ അമ്മ ഇന്തോനേഷ്യക്കാരിയും അച്ഛൻ ചൈനാക്കാരനുമാണ്. പതിവായി കായിക മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിൽ അതിക്രമിച്ച് കയറി കുഴപ്പമുണ്ടാക്കുന്നത് ഇയാളുടെ ശീലമാണെന്ന് ചോദ്യം ചെയ്യലിന് ശേഷം അഹമ്മദാബാദ് ക്രൈം ജെസിപി നീരജ് കുമാർ ബദ്ഗുജാർ അറിയിച്ചു.
2020ൽ സമാനമായ രീതിയിൽ ഇയാൾ ഒരു റഗ്ബി മത്സരത്തിനിടയിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. അന്ന് അതികൃതർ ഇയാൾക്ക് 200 ഡോളർ പിഴ വിധിച്ചിരുന്നു. ഈ വർഷം തന്നെ വനിതകളുടെ ഒരു മത്സരത്തിലേക്ക് കടന്നുകയറിയ ഇയാൾക്ക് 500 ഡോളറും പിഴ വിധിച്ചിരുന്നു.
പ്രശസ്തനാകുന്നതിന് വേണ്ടിയാണ് വാൻ ജോൺസൺ ഇപ്രകാരം പ്രവർത്തിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇന്ത്യൻ ടീം ആരാധകന്റെ വേഷത്തിൽ നീലക്കുപ്പായമണിഞ്ഞ് സ്റ്റേഡിയത്തിന്റെ ഒന്നാം നമ്പർ ഗേറ്റിലൂടെയാണ് കഴിഞ്ഞ ദിവസം ഇയാൾ അകത്ത് കടന്നത്. തുടർന്ന് 6.5 അടി ഉയരമുള്ള വേലി ഇയാൾ ചാടിക്കടന്നു.
സംഭവത്തിനിടെ ഇയാളുടെ കൈകൾക്ക് പരിക്കേറ്റിട്ടുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പ്രതിയെ റിമാൻഡിൽ കിട്ടിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post