ന്യൂഡൽഹി : ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവർത്തനം ശക്തമാക്കി ഡിആർഡിഒ. തുരങ്കത്തിൽ അകപ്പെട്ട് കിടക്കുന്നവർക്ക് ഭക്ഷണമെത്തിക്കാനും അവരുമായി ആശയവിനിമയം നടത്താനുമായി പൈപ്പ് സ്ഥാപിച്ചു. ഇതിലൂടെ തൊഴിലാളികളുമായി സംസാരിക്കാൻ സാധിക്കുന്നുണ്ടെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്‌ഐഡിസിഎൽ) ഡയറക്ടർ അൻഷു മാൻഷിഷ് ഖാൽകോ പറഞ്ഞു.
രക്ഷാപ്രവർത്തന ദൗത്യത്തിലെ ആദ്യത്തേതും ഏറ്റവും പ്രയാസമേറിയതുമായ കടമ്പ കടന്നതായി അദ്ദേഹം പറഞ്ഞു. ഒൻപത് ദിവസമായി ഇതിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. ഇന്ന് ആറ് ഇഞ്ച് പൈപ്പ് സ്ഥാപിച്ചിരിക്കുകയാണ്. ഇതിലൂടെ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിക്കും. ഭക്ഷണവും മരുന്നുകളും ഇതിലൂടെ എത്തിക്കാനാകും.
ഇത് കൂടാതെ രണ്ട് റോബോട്ടുകളെയും രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെടുത്തിയതായി ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അറിയിച്ചു. 20 ഉം 50 ഉം കിലോ ഭാരം വരുന്ന രണ്ട് റോബോട്ടുകളെയാണ് അയച്ചിരിക്കുന്നത്. എന്നാൽ മണ്ണ് ശക്തമല്ലാത്തതിനാൽ റോബോട്ടുകൾക്ക് അവിടേക്ക് നീങ്ങാൻ സാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
പ്രദേശത്ത് റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ട് വശങ്ങളിലും റോഡുകൾ സജ്ജമാണ്. ഇവിടേക്ക് മെഷീനുകൾ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്നും അൻഷു മാൻഷിഷ് വ്യക്തമാക്കി.
Discussion about this post