ഇടുക്കി : വാഹനാപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നവരെ തിരിഞ്ഞു നോക്കാതെ പോലീസിന്റെ ക്രൂരത. ഇടുക്കി കട്ടപ്പനയിൽ പിക്അപ് വാനുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രക്കാരെയാണ് അതുവഴി വന്ന പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാതെ പോയത്. പരിക്കേറ്റവരെ നാട്ടുകാർ പോലീസ് ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ ജീപ്പിൽ കയറ്റാൻ പറ്റില്ലെന്നും ഈ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരോട് പരിക്കേറ്റവരെ ഒരു ഓട്ടോ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞശേഷം പോലീസ് ഉദ്യോഗസ്ഥർ വാഹനവുമായി സ്ഥലം വിടുകയായിരുന്നു. ഇടുക്കി നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പോലീസ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
കട്ടപ്പന പള്ളിക്കവലയിലാണ് സംഭവം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് യുവാക്കളെ അമിതവേഗതയിൽ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി(23) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. നാട്ടുകാർ ഓടിക്കൂടി യുവാക്കളെ താങ്ങിയെടുക്കുന്നതിനിടയിലാണ് പൊലീസ് ജീപ്പ് അതുവഴി വന്നത്. ഉടൻതന്നെ നാട്ടുകാർ പരിക്കേറ്റ യുവാക്കളെയും കൊണ്ട് പോലീസ് വാഹനത്തിന് അടുത്തേക്ക് ചെന്നെങ്കിലും വാഹനത്തിൽ കയറ്റാൻ പോലീസുകാർ സമ്മതിച്ചില്ല.
പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞശേഷം പൊലീസ് ജീപ്പ് മുന്നോട്ടു പോവുകയായിരുന്നു.
പിന്നീട് അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് നാട്ടുകാർ പരിക്കേറ്റ യുവാക്കളെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവരിൽ തലയ്ക്ക് പരുക്കേറ്റ അഖിലിനെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post