കോട്ടയം: ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയതിന് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തതായി പരാതി. കാറിൽ എത്തിയ പൊൻകുന്നം സ്വദേശികളായ സ്ത്രീകളാണ് അക്രമം നടത്തിയത്. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം നടന്നത്.
തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസിന്റെ ഹെഡ്ലൈറ്റുകളാണ് സ്ത്രീകൾ അടിച്ചു തകർത്തത്. കാറിന്റെ ലിവർ ഉപയോഗിച്ചയിരുന്നു ആക്രമണം.
കോടിമത നാലുവരി പാതയിൽ വച്ച് ബസ് കാറിനെ ഒവർടേക്ക് ചെയ്തപ്പോൾ കാറിന്റെ റിയര്‍വ്യൂ മിററില്‍ തട്ടിയിരുന്നു. ബസ് ഒതുക്കി നിർത്തിയതോടെ കാറിൽ നിന്നും ഇറങ്ങി വന്ന രണ്ട് സ്ത്രീകൾ ഡ്രൈവറെ അസഭ്യം പറഞ്ഞു. എന്നാൽ, യാത്രക്കാർ ഇടപെട്ടതോടെ ഇവർ കാറിലേക്ക് തിരികെ പോകുകയും കാറിൽ നിന്നും ജാക്കി ലിവര്‍ എടുത്തുകൊണ്ട് വന്ന് ലൈറ്റ് അടിച്ച് തകര്‍ക്കുകയുമായിരുന്നു. എന്നാൽ, കാര്‍ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് മിററില്‍ തട്ടിയതെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്.
ബസിന്റെ മുന്‍വശത്തെ രണ്ട് ലൈറ്റുകള്‍ തകര്‍ത്തിട്ടുണ്ട്. ആലപ്പുഴ രജിസ്ട്രേഷനുള്ള കാറിലാണ് സ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. സംഭവശേഷം സ്ത്രീകൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ത്രീകളുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
Discussion about this post