ന്യൂഡൽഹി :ഡൽഹി മീററ്റ് അതിവേഗ റെയിൽ പദ്ധതിയ്ക്കായി സംസ്ഥാനവിഹിതം നല്കാൻ പണമില്ലെന്ന് കെജ് രിവാൾ സർക്കാർ. സംസ്ഥാന സർക്കാരിന്റെ വിഹിതം നവംബർ 28നകം അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സർക്കാർ വിഹിതമായ 415 കോടി രൂപ അടയ്ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അടയ്ക്കാൻ കാലതാമസം നേരിട്ടാൽ പരസ്യ ബജറ്റിൽ നിന്ന് തുക ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ കുടിശ്ശിക തീർക്കാൻ ഡൽഹി സർക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു.രണ്ടുമാസത്തെ സമയമാണ് അനുവദിച്ചിരുന്നതായും കോടതി അറിയിച്ചു.ജിഎസ്ടി കോംപൻസേഷൻ സ്‌കീം റദ്ദാക്കിയതോടെ ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്ന് ഡൽഹി സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനുളളിൽ എഎപി സർക്കാർ പരസ്യത്തിനായി 1100 കോടി രൂപ ചിലവഴിച്ചതായി നിരീക്ഷിച്ച കോടതി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി സർക്കാർ പണം നീക്കിവെക്കേണ്ടതാണെന്ന് നിരീക്ഷിക്കുകയായിരുന്നു.
ആർആർടിഎസ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിൽ ഡൽഹി സർക്കാരിന്റെ വിമുഖതയിൽ ജസ്റ്റിസ് കൗൾ അതൃപ്തി രേഖപ്പെടുത്തി. ദേശീയ പദ്ധതികൾക്ക് പണം നൽകാൻ കാലതാമസം നേരിട്ടാൽ, സർക്കാർ പരസ്യങ്ങൾക്കായി ചെലവഴിക്കുന്ന പണം അടിസ്ഥാന സൗകര്യവികസനത്തിന് നൽകാൻ കോടതി മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊതു അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രാധാന്യം നൽകി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും കോടതി പറഞ്ഞു.
Discussion about this post