കായംകുളം: കായംകുളത്തെ കിംഗ് കഫേ റെസ്റ്റോറന്റിൽ നിന്നും ഷവായ് കഴിച്ച 20 പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്ക് തിങ്കളാഴ്ച ആരോഗ്യപ്രശ്നങ്ങൾ അനുഭവപെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം ഇടപെട്ടാണ് റെസ്റ്റോറന്റ് പൂട്ടിച്ചത്.
osed
വയറിളക്കം,ഛർദി,നടുവേദന എന്നീ ലക്ഷണങ്ങളോടെ മുതുകുളം, കായംകുളം, ഇലിപ്പക്കുളം പ്രദേശത്തുള്ളവരാണ് ഗവ. ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. അസ്വസ്ഥത തോന്നിയവരിൽ നിന്നും റെസ്റ്ററന്റ് ഉടമകളിൽ നിന്നും അധികൃതർ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ഇടക്കാലത്ത് ഷവർമ്മ കഴിച്ചുണ്ടായ മരണം വിവാദവും ചർച്ചയും ആയതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനകൾ സജീവമാക്കിയെങ്കിലും അത് കഴിഞ്ഞ് മുടങ്ങിപ്പോകുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ചൂട് അവസാനിച്ചതോടെ ഹോട്ടലുകളൊക്കെ പഴയപടിയായെന്ന് ജനങ്ങൾ പറയുന്നു.
കഴിഞ്ഞ ദിവസം എറണാകുളത്തെ കാക്കനാടും ഭക്ഷ്യ വിഷബാധയെ തുടർന്ന് നഗരസഭ ഹോട്ടൽ ആര്യാസ് അടപ്പിച്ചിരുന്നു. റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നാണ് അടപ്പിച്ചത്. തിങ്കളാഴ്ച രാവിലെ റെസ്റ്റോറന്റിൽ എത്തി നെയറോസ്റ്റും ചട്ണിയും വടയും കോഫിയുമാണ് കഴിച്ചത്. തുടർന്നാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. കടുത്ത പനി, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
Discussion about this post