ദുബായ്: ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ അംഗീകാരം റദ്ദാക്കിയതിന് പിന്നാലെ, കൂടുതൽ നടപടികളിലേക്ക് കടന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വരാനിരിക്കുന്ന അണ്ടർ 19 ലോകകപ്പ് ആതിഥേയ സ്ഥാനത്ത് നിന്നും ശ്രീലങ്കയെ നീക്കിയതായി ഐസിസി അറിയിച്ചു. ദക്ഷിണാഫ്രിക്കയാകും ശ്രീലങ്കക്ക് പകരം കൗമാര ലോകകപ്പിന് ആതിഥ്യമരുളുക.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്പെൻഡ് ചെയ്ത് പതിനൊന്നാമത്തെ ദിവസമാണ് ഐസിസി പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും കായിക മന്ത്രാലയവും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെയാണ് നടപടി.
അണ്ടർ 19 ലോകകപ്പ് വേദി മാറ്റിയ വിവരം ഉടൻ തന്നെ ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ അറിയിക്കുമെന്ന് ഐസിസി അറിയിച്ചു. 2020ൽ അണ്ടർ 19 ലോകകപ്പിന് ദക്ഷിണാഫ്രിക്കയായിരുന്നു ആതിഥേയത്വം വഹിച്ചത്. നിലവിലെ വേദി മാറ്റാനുള്ള തീരുമാനം അഹമ്മദാബാദിൽ ചേർന്ന ഐസിസി യോഗം അംഗീകരിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ, നടപടികൾ മൂലം ശ്രീലങ്കക്ക് ഉഭയകക്ഷി പരമ്പരകളിൽ പങ്കെടുക്കുന്നതിനോ ആഭ്യന്തര ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനോ വിലക്കുണ്ടാകില്ലെന്ന് ഐസിസി അറിയിച്ചു. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് അണ്ടർ 19 ലോകകപ്പ് നടക്കുക.
അതേസമയം, ക്രിക്കറ്റിൽ രാഷ്ട്രീയ നേതൃത്വം ഇടപെടുന്നതിനെതിരെ തങ്ങൾ തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ചതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. രാഷ്ട്രീയ മുക്തവും സുതാര്യവുമായ ബോർഡ് തിരഞ്ഞെടുപ്പ് മറ്റ് രാജ്യങ്ങളിലെ പോലെ തങ്ങളുടെ നാട്ടിലും നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
Discussion about this post