ന്യൂഡല്‍ഹി: ജി20 നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് എന്നിവര്‍ പങ്കെടുക്കും. റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സെപ്റ്റംബറില്‍ നടന്ന ജി20 ഉച്ചകോടിക്ക് ശേഷമുള്ള സംഭവവികാസങ്ങളും ഉച്ചകോടി അവലോകനം നടത്തും. ജി20 ല്‍ പാസാക്കിയ പ്രമേയത്തിന്റെ നടപ്പാക്കല്‍ സംബന്ധിച്ച ചര്‍ച്ചകളാകും യോഗത്തില്‍ പ്രധാനമായും നടക്കുക.
ജി 20 യുടെ വെര്‍ച്വല്‍ ഉച്ചകോടി ലോക നേതാക്കളുടെ ഒരു പ്രധാന സമ്മേളനമായിരിക്കും. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പുടിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് അദ്ദേഹത്തെ പ്രതിനിധീകരിച്ച് എത്തിയത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിനും പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ പ്രതിനിധീകരിച്ചാണ് ലി ക്വിയാങ് പങ്കെടുക്കുന്നത്.
ഡല്‍ഹി പ്രഖ്യാപനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെര്‍ച്വല്‍ മീറ്റിംഗ് അവസരമൊരുക്കുമെന്ന് ഇന്ത്യയുടെ ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് പറഞ്ഞു. മാത്രമല്ല, ഫിനാന്‍സ് ട്രാക്കുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ഗനിര്‍ദേശം നല്‍കാനും സാധിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് പറഞ്ഞു. ഡിസംബര്‍ 1 മുതലാണ് ജി20 പ്രസിഡന്റ് സ്ഥാനം ബ്രസീല്‍ ഏറ്റെടുക്കുന്നത്.
Discussion about this post