ന്യൂഡല്‍ഹി : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കാനഡക്കാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതോടെയാണ് കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചത്. ടൂറിസ്റ്റ് വിസയടക്കമുള്ള എല്ലാ വിസ സേവനങ്ങളും ഇതോടെ പുനരാരംഭിക്കും.
കനേഡിയന്‍ പൗരന്മാര്‍ക്ക് ചില വിഭാഗത്തിലുള്ള വിസ സേവനങ്ങള്‍ പുതുക്കാന്‍ അനുവദിച്ച തീരുമാനത്തിന് പിന്നാലെയാണ് ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിക്കുന്നത്. എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങളിലെ വിസാ സേവനങ്ങളാണ് ഒക്ടോബര്‍ 26 മുതല്‍ പുനരാരംഭിച്ചത്.
ഒരു മാസത്തെ വിലക്കിന് ശേഷമാണ് ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിക്കുന്ന പ്രഖ്യാപനം. അതേ സമയം, ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കാനഡ അറിയിച്ചു. വിസ സേവനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കുമെന്നാണ് സൂചന.
കാനഡയില്‍ വെച്ച് ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ ഇത് ഇതുവരെ തെളിയിക്കാന്‍ കാനഡയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ ആരോപണങ്ങളെ അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു.
ഇന്ത്യ കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇ-വിസ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള നീക്കമെന്ന് കരുതപ്പെടുന്നു. വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത് ബന്ധങ്ങളിലുള്ള വിള്ളല്‍ കുറയുന്നുവെന്ന സാധ്യതയാണ് സജീവമാക്കുന്നത്. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാനഡയില്‍ സുരക്ഷ നല്‍കിയാല്‍, വിസ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കാനഡയിലെ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ നിര്‍ത്തിവെച്ചത് ജോലിക്ക് പോകുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ സുരക്ഷിതരല്ലാത്തതിനാലാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post