ദുബായ്: ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗിലും സമഗ്രാധിപത്യം പുലർത്തി ഇന്ത്യ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും നിലവിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. 121 റേറ്റിംഗ് പോയിന്റുകളുള്ള ഇന്ത്യക്ക് പിന്നിൽ 117 റേറ്റിംഗ് പോയിന്റുകളുമായി ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഏകദിന റാങ്കിംഗിൽ രണ്ടാമതാണ്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും നാലാം സ്ഥാനത്ത് പാകിസ്താനും അഞ്ചാം സ്ഥാനത്ത് ന്യൂസിലൻഡുമാണ് ഉള്ളത്.
ഏകദിന റാങ്കിംഗിൽ ബാറ്റിംഗിൽ ആദ്യ അഞ്ചിൽ മൂന്ന് പേരും ഇന്ത്യക്കാരാണ്. 826 പോയിന്റുമായി ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളുടെ മികവിൽ വിരാട് കോഹ്‍ലി ഒരു സ്ഥാനം മുന്നോട്ട് കയറി 791 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് എത്തി. 769 പോയിന്റുകളുമായി രോഹിത് ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്ത് എത്തി. പാകിസ്താന്റെ ബാബർ അസമാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്ക്, ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചൽ, ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ, ദക്ഷിണാഫ്രിക്കയുടെ റസീ വാൻ ഡെർ ഡസൻ, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ, അയർലൻഡിന്റെ ഹാരി ടെക്ടർ എന്നിവരാണ് അഞ്ച് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ ഉള്ളത്.
ബൗളർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ നാല് പേരും ഇന്ത്യക്കാരാണ് 741 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ആണ് ഒന്നാമത്. 703 പോയിന്റുമായി ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡ് ആണ് രണ്ടാമത്. 699 പോയിന്റുമായി മുഹമ്മദ് സിറാജ് മൂന്നാമതും 685 പോയന്റുമായി ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തുമാണ്. കുൽദീപ് യാദവ് ഏഴാം സ്ഥാനത്തുണ്ട്. ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ മുഹമ്മദ് ഷമി രണ്ട് സ്ഥാനങ്ങൾ മുന്നോട്ട് കയറി അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിക്കൊപ്പം പത്താം സ്ഥാനം പങ്കിടുന്നു.
ബൗളർമാരിൽ ഓസ്ട്രേലിയയുടെ ആദം സാംപ അഞ്ചാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ആറാം സ്ഥാനത്തുമാണ്. ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട്, പാകിസ്താന്റെ ഷഹീൻ അഫ്രീദി എന്നിവരാണ് എട്ടും ഒമ്പതും സ്ഥാനങ്ങളിൽ.
ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ബംഗ്ലാദേശ് ക്യാപ്ടൻ ഷക്കീബ് അൽ ഹസൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ മാർകോ ജാൻസനൊപ്പം രവീന്ദ്ര ജഡേജ പത്താമതുണ്ട്.
Discussion about this post